ഹൈക്കോടതി യോഗ്യതാ പരീക്ഷ; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേടുകള്‍

Posted on: March 5, 2015 11:11 pm | Last updated: March 5, 2015 at 11:11 pm
SHARE

high courtകൊച്ചി: സംസ്ഥാനത്ത് മുന്‍സിഫ് – മജിസ്‌ട്രേറ്റുമാരുടെ നിയമനത്തിനായി ഹൈക്കോടതി നടത്തിയ യോഗ്യതാ പരീക്ഷതയുടെ മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ഡിവിഷന്‍ ബഞ്ച് കണ്ടെത്തി. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 69 പേരുടെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചാണ് ജസ്റ്റിസുമാരായ പി എന്‍ രവീന്ദ്രനും പി വി ആശയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഇത് കണ്ടെത്തിയത്. ഉത്തരക്കടലാസുകള്‍ പരിശോധിച്ചതില്‍ നിന്നും പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയതിലും മൂല്യ നിര്‍ണയത്തിലും ക്രമക്കേടുകളും വെട്ടിത്തിരുത്തലുകളും ഉള്ളതായി കോടതി വിലയിരുത്തി.
ഇതേത്തുടര്‍ന്ന് ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണയം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം നിരസിച്ചത് ശരിവെച്ച സംഗിള്‍ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാര്‍ഥിയായ കൊല്ലം തട്ടാമല സ്വേദശം എം കിരണ്‍ലാല്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
പ്രാഥമിക പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാത്രമേ പ്രധാന പരീക്ഷയില്‍ പങ്കെടുക്കാനാകൂവെന്നും പ്രധാന പരീക്ഷ എഴുതിയ തനിക്ക് ഒരു വിഷയത്തില്‍ മാത്രം 40 ശതമാനം മാര്‍ക്ക് ലഭിക്കാത്തതിനാല്‍ യോഗ്യത നേടിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഉത്തരക്കടലാസ് മൂല്യ നിര്‍ണയത്തിലെ അപാകത മൂലമാണ് തനിക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് വ്യവസ്ഥയില്ലെന്നും മൂല്യ നിര്‍ണയത്തില്‍ അപാകതയില്ലെന്നും വിലയിരുത്തി സിംഗിള്‍ ബഞ്ച് ഹരജി തള്ളുകയായിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ യോഗ്യത നേടിയവരുടെ ഉത്തരക്കടലാസുഖള്‍ ഹാജരാക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് രജിസ്ട്രാര്‍ ഉത്തരക്കടലാസുകള്‍ ഹാജരാക്കി. ഉത്തരക്കടലാസുകള്‍ പരിശോധിച്ച ശേഷമാണ് കോടതി വിശദീകരണം തേടിയത്.