രാഹുല്‍ അഞ്ച് ദിവസത്തിനകം തിരിച്ചെത്തും: കമല്‍ നാഥ്‌

Posted on: March 5, 2015 10:02 pm | Last updated: March 6, 2015 at 12:10 am
SHARE

നാഗ്പൂര്‍: പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് രാജ്യം വിട്ട കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം തിരിച്ചെത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ ഉറ്റ സഹയാത്രികനുമായ കമല്‍ നാഥ് അറിയിച്ചു. കല്‍മേശ്വറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിലെ (ഐ എം ടി) ബിരുദദാന ചടങ്ങിനിടയില്‍ കമല്‍നാഥ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഉടനെ തിരിച്ച് വരുമെന്ന് അറിയിച്ചത്. ‘കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ രാഹുലിന് വിട്ടുകൊടുക്കണം. ഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്’ -കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
എ ഐ സി സി സമ്മേളനം നടക്കാനിരിക്കുകയും പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുകയും ചെയ്തിരിക്കെ രാഹുല്‍ ഗാന്ധി അവധിയെടുത്തത് ഏറെ ദുരൂഹതകള്‍ക്കിടയാക്കിയിരുന്നു. പാര്‍ട്ടികാര്യങ്ങള്‍ സ്വതന്ത്രമായി നടത്തിക്കൊണ്ടു പോകാന്‍ അവസരം കിട്ടാത്തതില്‍ അദ്ദേഹം നിരാശനായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. ഏപ്രിലില്‍ നടക്കാനിരിക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി വാഴിച്ചേക്കാമെന്നും അഭ്യൂഹമുണ്ട്.