തൊഴില്‍ കരാര്‍ നല്‍കാത്തവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കും ഇന്നു മുതല്‍ പിഴ

Posted on: March 5, 2015 5:54 pm | Last updated: March 5, 2015 at 5:54 pm
SHARE

ministry labourഅബുദാബി: തൊഴില്‍ കരാര്‍ നല്‍കാത്തവര്‍ക്കും ഗ്രെയ്‌സ് പിര്യേഡില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കും ഇന്നു മുതല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ഫൈന്‍ എന്ന പേരിലാണ് ഈ രണ്ട് നിയമലംഘനങ്ങള്‍ക്കും പിഴ ചുത്തുക. വ്യാപാര ലൈസന്‍സ് പുതുക്കാത്ത സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും പിഴ ചുമത്തപ്പെടുന്നവരില്‍ ഉള്‍പെടും. അടുത്ത കാലത്ത് ഇറക്കിയ ക്യാബിനറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് ഇന്നു മുതല്‍ പിഴ ചുമത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വെളിപ്പെടുത്തി. തൊഴിലുടമക്ക് വര്‍ക്ക് പെര്‍മിറ്റ് എടുക്കാന്‍ 60 ദിവസമാണ് മന്ത്രാലയം സമയം അനുവദിച്ചിരിക്കുന്നത്.
തൊഴിലുടമ തൊഴിലാളിയുമായി ജോലി സംബന്ധമായി ഉണ്ടാക്കിയ കരാറും മന്ത്രാലയത്തില്‍ സമര്‍പിച്ചിരിക്കണം. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയാണ് പിഴ ചുമത്തുക. യു എ ഇയില്‍ ഒരാള്‍ ജോലിക്കായി എത്തിയാല്‍ 60 ദിവസത്തിനകം അയാളുടെ രേഖകള്‍ തൊഴില്‍ ഉടമ ശരിപ്പെടുത്തണമെന്നാണ് നിയമം. 60 ദിവസ കാലാവധി വിസ സംബന്ധമായ എല്ലാ രേഖകളും ശരിപ്പെടുത്താന്‍ പര്യാപ്തമാണ്. സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ 60 ദിവസത്തെ സാവകാശമാണ് തൊഴില്‍ മന്ത്രാലയം നല്‍കുന്നത് ഈ കാലത്തിനിടയില്‍ രേഖകള്‍ ശരിപ്പെടുത്താന്‍ സാധിക്കുമെങ്കിലും പലരും ഉപേക്ഷ വരുത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാത്തവര്‍ക്ക് 11,000 ദിര്‍ഹം മുതല്‍ 12,000 ദിര്‍ഹം വരെയാണ് പ്രതിമാസം പിഴ ചുമത്തുക.