Connect with us

Gulf

ഫോംകപ്പുകള്‍ക്കു വിട; ഇനി ചായ പേപ്പര്‍ കപ്പുകളില്‍

Published

|

Last Updated

ഷാര്‍ജ: ഫോംകപ്പുകള്‍ അപ്രത്യക്ഷമായി തുടങ്ങി. ഇനി പേപ്പര്‍ കപ്പുകളിലാവും ചായയും മറ്റും ലഭിക്കുക. ഭക്ഷണ ശാലകളിലും മറ്റും ഫോം കപ്പുകളെ പിന്തള്ളി പേപ്പര്‍കപ്പുകള്‍ സ്ഥാനം പിടിക്കുകയാണ്. ഇതോടെ ഫോംകപ്പുകള്‍ ഓര്‍മയായി. ഫോം കപ്പുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് പേപ്പര്‍ കപ്പുകളിലേക്ക് ആളുകള്‍ തിരിഞ്ഞത്.

ദീര്‍ഘനാളായി ഫോംകപ്പുകളാണ് ഉപയോഗിച്ചിരുന്നത്. സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫോം കപ്പുകള്‍ രാജ്യത്ത് എത്തിയിരുന്നു. ഇതിനു പുറമെ ചില എമിറേറ്റുകളിലും ഫോംകപ്പുകള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍, പേപ്പര്‍ കപ്പുകളുടെ രംഗപ്രവേശത്തോടെ ഫോം കപ്പുകള്‍ അപ്പാടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കപ്പുകള്‍ പല വ്യാപാര സ്ഥാപനങ്ങളില്‍ വന്‍തോതില്‍ സ്റ്റോക്കുള്ളതായും പറയുന്നു.
വെളുത്ത നിറത്തിലുള്ളവയായിരുന്നു ഫോം കപ്പുകള്‍. നന്നേ ഭാരം കുറഞ്ഞവയും ചില കപ്പുകളുടെ ഉള്‍ഭാഗത്ത് പൊടി പറ്റിപിടിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും കഴുകിയാണ് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ പേപ്പര്‍കപ്പുകള്‍ പ്രധാനമായും ബ്രൗണ്‍ നിറത്തിലാണുള്ളത്. ഫോംകപ്പിനെ അപേക്ഷിച്ച് അല്‍പ്പം ചെറുതുമാണ്. ചൂട് അധിക സമയം നിലനില്‍ക്കുന്നുമില്ല. അതു കൊണ്ടുതന്നെ തണുക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടതുമില്ല. അളവിലും വ്യത്യാസമുണ്ട്. ചായക്കടക്കാര്‍ക്കും മറ്റും ലാഭകരവുമാണ്. ഫോം കപ്പിനേക്കാള്‍ ചെറുതായതിനാല്‍ പാലിന്റെയും പഞ്ചസാരയുടെയും അളവ് കുറവ് മതിയാകും. മാത്രമല്ല കുടിക്കാനും സുഖമുണ്ടെന്നാണ് ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.
ഷാര്‍ജയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ പേപ്പര്‍കപ്പുകളാണ് ചായക്കു ഉപയോഗിക്കുന്നത്. നേരത്തെ ഫോം കപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നത്. നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. നേരത്തെ പ്ലാസ്റ്റിക് കപ്പുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഫോം, പേപ്പര്‍ കപ്പുകളെ അപേക്ഷിച്ച് ചെറുതായിരുന്നു ഈ കപ്പുകള്‍. ഇതിനെ പിന്തള്ളിയാണ് ഫോം കപ്പുകള്‍ ഇടം നേടിയത്.
അതേ സമയം, നാട്ടില്‍ നേരത്തെ തന്നെ പേപ്പര്‍ കപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ട്രെയിനുകളിലും വിമാനത്താവളങ്ങളിലും മറ്റും ചായ അടക്കമുള്ള ചൂടുപാനിയങ്ങള്‍ നല്‍കിയിരുന്നത് പേപ്പര്‍ കപ്പുകളിലാണ്.

Latest