Connect with us

Gulf

യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്കുള്ള വഴി

Published

|

Last Updated

യു എ ഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുക എളുപ്പമല്ല. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകണം. എഴുത്ത്, സിഗ്‌നല്‍, പാര്‍ക്കിംഗ്, റോഡ് എന്നിങ്ങനെ നിരവധി പരീക്ഷകള്‍. ചിലര്‍ മനംമടുത്ത് പാതിവഴിയില്‍ ശ്രമം ഉപേക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 40,000 ദിര്‍ഹത്തോളം ചെലവു ചെയ്ത് 27-ാമത്തെ തവണ അഗ്നി പരീക്ഷ വിജയിച്ച കാസര്‍കോട് സ്വദേശി നംഷീദിന്റെ അനുഭവം മാധ്യമങ്ങളില്‍ കൗതുകവാര്‍ത്തയായിരുന്നു.
ഷാര്‍ജയില്‍ ഒരു കഫ്‌ത്തേരിയയിലായിരുന്നു നംഷീദിന് ആദ്യജോലി. ഇടവേളയില്ലാത്ത ജോലിയായതിനാല്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. നാലുവര്‍ഷം മുമ്പ് അജ്മാനിലേക്ക് ജോലി മാറിയപ്പോള്‍ “ഫയല്‍ ഓപ്പണ്‍” ചെയ്തു.
ഓരോ ടെസ്റ്റിനു മുമ്പ് 25 ക്ലാസെങ്കിലും പഠിക്കണം. ഓരോ ദിവസം ഒന്നര മണിക്കൂര്‍. ഓരോ ദിവസം കുറഞ്ഞത് 35 ദിര്‍ഹം ചെലവുചെയ്യണം. ശമ്പളം മുഴുവന്‍ ഡ്രൈവിംഗ് പഠിക്കാന്‍ കൊടുക്കും. ക്ലച്ചും ഗിയറും നേരാംവണ്ണം ഉപയോഗിക്കാന്‍ അറിയില്ലെന്നായിരുന്നു ആദ്യപരാതി. പിന്നെ, വാഹനത്തെ വരിമാറ്റുന്നതായി പ്രശ്‌നം. മുമ്പ് ഒരു വാഹനാപകടം കണ്ടതുകാരണം വാഹനം ഓട്ടാനുള്ള ഭയം ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞത് കുറേ കഴിഞ്ഞാണ്.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള നിരന്തര ശ്രമം കാരണം അത്യാവശ്യ കാര്യത്തിനുപോലും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. നിരന്തരം ടെസ്റ്റില്‍ തോല്‍ക്കുന്നതുകാരണം സുഹൃത്തുക്കള്‍ക്കിടയില്‍ പരിഹാസ പാത്രമായി. എന്നാലും ശ്രമം ഉപേക്ഷിച്ചില്ല.
ഒടുവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചപ്പോള്‍ എല്ലാവരും അഭിന്ദനം കൊണ്ടുമൂടി. സ്ഥിരോത്സാഹത്തെ പ്രകീര്‍ത്തിച്ചു. വാര്‍ത്തകളില്‍ താരമായി. ദുബൈയില്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിന് ഏറ്റവും ആധുനിക പരീക്ഷണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന കാറില്‍ ക്യാമറയും സെന്‍സറുകളുമുണ്ട്. പഠിതാവിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കും. നന്നായി വാഹനമോടിക്കുന്നവര്‍, തോറ്റുപോകുന്ന പ്രശ്‌നമില്ല. ആത്മവിശ്വാസത്തോടെയും നിയമാനുസരണവും വാഹനം ഓടിക്കുന്നവര്‍ക്ക് ലൈസന്‍സ് കിട്ടാതിരിക്കില്ല. ദുബൈയില്‍ ഓരോ ദിവസം 1,400 ഓളം പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നത്. 80 ഓളം പരിശോധകരുണ്ട്. 30 ശതമാനത്തോളം പരീക്ഷാര്‍ഥികള്‍ വിജയിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത് ശരാശരി 18 ശതമാനമായിരുന്നു.
ജി സി സിയിലെ ഏതെങ്കിലും രാജ്യത്തെ ലൈസന്‍സുള്ളവര്‍ക്ക് കുറഞ്ഞ ടെസ്റ്റുകള്‍ മതി. അവര്‍, സന്ദര്‍ശക വിസയിലാണെങ്കില്‍ ടെസ്റ്റില്ലാതെ വാഹനം ഓടിക്കാം.
“ഫൈനല്‍ ടെസ്റ്റിനു പോകുമ്പോള്‍ ആത്മവിശ്വാസം പ്രധാനം. പരിശോധകരുടെ നിര്‍ദേശം അപ്പടി അനുസരിക്കുക എന്നതാണ് ശരിയായ മാര്‍ഗം. ഇരിപ്പിടം, കണ്ണാടി, സീറ്റ് ബെല്‍റ്റ് എന്നിവ യഥാസ്ഥാനത്തുണ്ടായിരിക്കണം. റോഡിലെ വരിമാറുമ്പോള്‍, കണ്ണാടികള്‍, പ്രധാനമാണ്”- ഉപദേശകര്‍ പറയുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് ജീവിതോപാധിയുടെ ഉന്നമനത്തിന് അനിവാര്യം. അത് കൊണ്ടാണ് വന്‍തുക ചെലവു ചെയ്ത് ഡ്രൈവിംഗ് ലൈസന്‍സിന് പലരും പെടാപാടുപെടുന്നത്. നിരന്തര അധ്വാനമാണ് ലൈസന്‍സ് നേടാനുള്ള മാര്‍ഗം. അതിന് കുറുക്കുവഴികളില്ല. ലൈസന്‍സ് വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് ചിലര്‍ ഇടനിലക്കാരായി എത്തും. ആ വഴിപോകുന്നത് അപകടകരമാണ്. നന്നായി വാഹനം ഓടിക്കുന്നവര്‍ക്ക് ഒറ്റ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് ലഭിക്കാറുണ്ട്.

Latest