‘ശൈഖ് സായിദ് റോഡില്‍ ഭാവിയുടെ മ്യൂസിയം’

Posted on: March 5, 2015 5:43 pm | Last updated: March 5, 2015 at 5:43 pm
SHARE

mueseumദുബൈ: ശൈഖ് സായിദ് റോഡില്‍ എമിറേറ്റ്‌സ് ടവറുകള്‍ക്ക് സമീപം കൂറ്റന്‍ മ്യൂസിയം വരുന്നു. ഭാവിയുടെ മ്യൂസിയം എന്ന പേരിലുള്ള കെട്ടിടം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, സ്മാര്‍ട് സിറ്റികള്‍, ഊര്‍ജം, ഗതാഗതം എന്നീ മേഖലകളിലെ പുതുമയാര്‍ന്ന കണ്ടുപിടുത്തങ്ങളുടെ പേടകമായിരിക്കും ഭാവിയുടെ മ്യൂസിയമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
‘മനോഹരമായ ശില്‍പമാതൃകയിലായിരിക്കും കെട്ടിടം. 2015 യു എ ഇയില്‍ പുതുമകളുടെ വര്‍ഷമായിരിക്കുമെന്ന് നമ്മുടെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് നാം കാണിക്കുകയാണ്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള രാജ്യാന്തര കേന്ദ്രമായിരിക്കും മ്യൂസിയം. പുതിയ ആശയങ്ങളുടെയും നവീന മാതൃകകളുടെയും ഗര്‍ഭഗൃഹമായിരിക്കുന്നതിനൊപ്പം ശാസ്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും ആഗോള ലക്ഷ്യ സ്ഥാനവുമായിരിക്കും’- ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭാവിയെ കാണൂ, ഭാവി വാര്‍ത്തെടുക്കൂ എന്ന സന്ദേശമാണ് നല്‍കുക. രൂപകല്‍പന, സാങ്കേതികത, മാറ്റത്തിന്റെ അടയാളം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും.
പുതിയൊരു ലോകം വാര്‍ത്തെടുക്കാനുള്ള യു എ ഇ ശ്രമത്തിന്റെ മറ്റൊരു കാല്‍വെപ്പാണ് മ്യൂസിയത്തിലൂടെ സാക്ഷാത്കരിക്കുന്നത്. ‘ഭാവന നെയ്‌തെടുക്കുന്നവരിലാണ് ഭാവി നിക്ഷിപ്തമായിരിക്കുന്നത്. രൂപകല്‍പന ചെയ്യൂ. പ്രാവര്‍ത്തികമാക്കൂ. യു എ ഇ വ്യത്യസ്തക്കു വേണ്ടി നിലകൊള്ളുന്നു. മറ്റുള്ളവര്‍ ഭാവി പ്രവചിക്കുമ്പോള്‍, നമ്മള്‍ അത് നിര്‍മിക്കുന്നു’- ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതിന്റെ സമിതിയുടെ തലപ്പത്ത്. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി അടക്കം പ്രമുഖര്‍ ബോര്‍ഡില്‍ ഉണ്ടാകും.