Connect with us

Gulf

ഷാര്‍ജയില്‍ നവജാത ശിശു മരിച്ചു; കീടനാശിനി ശ്വസിച്ചെന്ന് സംശയം

Published

|

Last Updated

ഷാര്‍ജ: 21 ദിവസം പ്രായമായ സിറിയന്‍ ശിശു മരിച്ചത് കീടനാശിനി ശ്വസിച്ചാവാമെന്ന് അധികൃതര്‍. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമികാന്വേഷണമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്താന്‍ ഷാര്‍ജ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സിറിയന്‍ ദമ്പതികളെയും മൂന്നു വയസുള്ള സഹോദരനെയുമായിരുന്നു നവജാത ശിശുവിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയായിരുന്നു ശിശു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ കുടുംബം താമസിച്ച ഫഌറ്റില്‍ ഷാര്‍ജ പോലീസ് പരിശോധന നടത്തി. ഇവിടെ മാരകമായ പ്രാണികളെ കണ്ടെത്താനായെന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കടുത്ത ഗന്ധം തൊട്ടടുത്ത ഫഌറ്റില്‍ നിന്നു പുറത്തേക്ക് പ്രസരിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഷാര്‍ജ നഗരസഭയുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.

അപാര്‍ട്ട്‌മെന്റില്‍ നിന്നു ശേഖരിച്ച വസ്തുക്കളില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബോംബെന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കീടനാശിനി താമസ സ്ഥലങ്ങളില്‍ ഉപോഗിക്കുന്നതിന് യു എ ഇ ജല പരിസ്ഥിതി മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അലൂമിനിയം ഫോസ്‌ഫൈഡില്‍ നിന്നുള്ള കടുത്ത വിഷ ഗന്ധം ശ്വസിച്ച് രാജ്യത്ത് നിരവധി പേരാണ് ജീവന്‍ വെടിഞ്ഞത്.
ഈ സാഹചര്യത്തിലായിരുന്നു കീടനാശിനിക്ക് അധികൃതര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പെടുത്തിയത്. ഇവ ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദിയായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരോധിത കീടനാശിനി ഉപയോഗിച്ചതിനും കുഞ്ഞിന്റെ മരണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കീടനാശിനിയുടെ ക്യാന്‍ ഫഌറ്റിന് സമീപത്തു നിന്നു കണ്ടെടുത്തതായി ഷാര്‍ജ ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ കേണല്‍ അബ്ദുല്‍ഖാദിര്‍ അല്‍ അമീരി വെളിപ്പെടുത്തി. ഇയാള്‍ക്ക് കീടനാശിനി നല്‍കിയ വ്യക്തിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ കാരണം കീടനാശിനിയാണോയെന്നറിയാന്‍ കുഞ്ഞിന്റെ മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി മാറ്റിയിരിക്കയാണ്.