പാസ്‌പോര്‍ട്ട് പരിശോധന മുന്‍കൂട്ടി നടത്തും

Posted on: March 5, 2015 5:00 pm | Last updated: March 5, 2015 at 5:41 pm
SHARE

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പരിശോധന മുന്‍കൂറായി നടത്താന്‍ സൗകര്യമൊരുക്കും. ടിക്കറ്റ് ബുക്കുചെയ്യുന്ന വേളയില്‍തന്നെ പാസ്‌പോര്‍ട്ട് പരിശോധന പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് നേരിട്ട് അകത്തേക്ക് കടക്കാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി. ടെര്‍മിനല്‍ മൂന്ന് വഴി സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയായ എമിറേറ്റ്‌സിലെ യാത്രക്കാര്‍ക്കാണ് ഈ സൗകര്യം.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ടെര്‍മിനലിലെ പാസ്‌പോര്‍ട്ട് പരിശോധനാ കൗണ്ടറുകള്‍ നീക്കംചെയ്യും. പാസ്‌പോര്‍ട്ട് പരിശോധനയ്ക്കായി ദീര്‍ഘനേരം വരിനില്‍ക്കുന്നതില്‍ നിന്ന് യാത്രക്കാര്‍ക്ക് മോചനംലഭിക്കും. എന്നാല്‍, പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് താമസ-കുടിയേറ്റ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് (ജി ഡി ആര്‍ എഫ് എ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍കൂര്‍ പാസ്‌പോര്‍ട്ട് പരിശോധനയെന്ന ആശയം യാഥാര്‍ഥ്യമായാല്‍ ടെര്‍മിനലിലെ പാസ്‌പോര്‍ട്ട് കൗണ്ടറുകള്‍ നീക്കംചെയ്യും. മറ്റു നടപടിക്രമങ്ങളെല്ലാം പതിവുപോലെ തന്നെയായിരിക്കും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സുഗമമായ യാത്രക്ക് സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ വിമാനത്താവളം. വലിയ തോതിലുള്ള യാത്രക്കാരെ കൈകാര്യംചെയ്യുന്നതിന് ഡയറക്ടറേറ്റ് കാര്യക്ഷമത പ്രകടിപ്പിക്കേണ്ടതുണ്ട്. 2014ല്‍ 7.1 കോടി യാത്രക്കാരാണ് വിമാനത്താവളംവഴി കടന്നുപോയത്. 2015ല്‍ ഇത് 7.8 കോടിയാകുമെന്നാണ് പ്രതീക്ഷ അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തില്‍ കൂടിവരുന്ന യാത്രക്കാരെ നിയന്ത്രിക്കുന്നതിന് പലതരത്തിലുള്ള സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതാണ് സ്മാര്‍ട്ട് ഗേറ്റുകള്‍. മൂന്ന് ടെര്‍മിനലുകളിലുമായി നൂറില്‍പ്പരം സ്മാര്‍ട് ഗേറ്റുകളാണ് ദുബൈ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. ടെര്‍മിനല്‍ മൂന്നിന്റെ അറൈവല്‍ ഭാഗത്ത് മാത്രമായി 28 സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് കടന്നുപോകുന്നതിനായി പ്രത്യേക ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.