മുസ്ലിം യാത്രക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലോകത്തിലെ മൂന്നു രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയും

Posted on: March 5, 2015 5:41 pm | Last updated: March 5, 2015 at 5:41 pm
SHARE

szm1ദുബൈ: മുസ്‌ലിം യാത്രക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലോകത്തിലെ മൂന്നു രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇയും ഇടം പിടിച്ചു. ഒന്നാം സ്ഥാനത്ത് മലേഷ്യയും രണ്ടാം സ്ഥാനത്ത് തുര്‍ക്കിയുമാണ് പട്ടികയിലുള്ളത്. നാലാം സ്ഥാനത്ത് സൗഊദി അറേബ്യയും തൊട്ട് പിറകിലായി ഖത്തറും ഇന്തോനേഷ്യയുമാണ് പട്ടികയില്‍. മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ച് ഇസ്‌ലാമിക് ട്രാവല്‍ സ്‌പെഷലിസ്റ്റായ ക്രെസന്റ്‌റേറ്റിംഗ് ആണ് സര്‍വേ നടത്തിയത്. മുസ്‌ലിംകള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്തി രാജ്യാന്തര തലത്തിലായിരുന്നു ക്രെസന്റ്‌റേറ്റിംഗ് സര്‍വേ.
ഹലാലായ ഭക്ഷണം ലഭിക്കാനുള്ള സാധ്യത, വിമാനത്താവളങ്ങളില്‍ നിസ്‌കരിക്കാനുള്ള സൗകര്യം, ഷോപ്പിംഗ് മാളുകളുടെയും ഹോട്ടലുകളുടെയും ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ഒന്നാം സ്ഥാനത്തെത്തിയ മലേഷ്യക്ക് 83.8 പോയന്റാണ് ലഭിച്ചത്. കുര്‍ക്കിക്ക് 73.8ഉം യു എ ഇക്ക് 72.1മാണ് ലഭിച്ചത്. സൗഊദി അറേബ്യ(71.3), ഖത്തര്‍(68.2), ഇന്തോനേഷ്യ(67.5) എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ചത്.
കുടുംബങ്ങള്‍ക്കായുള്ള മികച്ച അവധികാല കേന്ദ്രം എന്ന നിലയിലാണ് മലേഷ്യ മുസ്‌ലിംകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാവുന്നതെന്ന് ക്രെസന്റ്റേറ്റിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഫസല്‍ ബഹര്‍ദീന്‍ വ്യക്തമാക്കി.
മുസ്‌ലിംകളോട് സൗഹൃദപൂര്‍വം പെരുമാറുന്നവരെന്ന മലേഷ്യക്കാരെക്കുറിച്ചുള്ള ഖ്യാതിയും അനുകൂല ഘടകമായി. 2014ല്‍ 59 ലക്ഷം മുസ്‌ലിംകളാണ് മലേഷ്യ സന്ദര്‍ശിച്ചത്. 2013ല്‍ ഇത് 57 ലക്ഷമായിരുന്നു. 29 മുസ്‌ലിം രാജ്യങ്ങളെയും മറ്റുള്ള 81 രാജ്യങ്ങളെയും ഉള്‍പെടുത്തിയാണ് സര്‍വേ നടത്തിയത്. വിമാന ദുരന്തത്തിന്റെ കാര്‍മേഘങ്ങളില്‍ രാജ്യം മുങ്ങി നില്‍ക്കേയാണ് ഈ നേട്ടമെന്നത് അല്‍ഭുതപ്പെടുത്തുന്നതാണ്. എം എച്ച് 370 തിരോഭവിച്ചിട്ട് ഒരു വര്‍ഷം ആവാനിരിക്കേയാണ് രാജ്യത്തിന് പ്രത്യേശ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നരിക്കുന്നത്.
മാര്‍ച്ച് എട്ടിനായിരുന്നു എം എച്ച് 370 വിമാന ദുരന്തം. 239 യാത്രക്കാരുമായി തലസ്ഥാനമായ കോലാലംപൂരില്‍ നിന്നു ബീജിംഗിലേക്ക് പോകവേയായിരുന്നു ഏവരെയും ഞെട്ടിച്ച് വിമാനം റഡാറില്‍ നിന്നു അപ്രത്യക്ഷമായത്. ഇതുവരെുയും ഇതേക്കുറിച്ചുള്ള ദുരൂഹത നീങ്ങിയിട്ടില്ല. വായുവിലും വെള്ളത്തിലും അതിവിപുലമായ തോതില്‍ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
2014 ജുലൈ 17ന് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 17 വിമാനം ഉക്രൈനിന് മുകളില്‍ പറക്കവേ വെടിവെച്ചിട്ടിരുന്നു. ഈ ദുരന്തത്തില്‍ 283 യാത്രക്കാരും 15 വിമാന ജോലിക്കാരും മരിച്ചിരുന്നു. ഈ ദുരന്തങ്ങള്‍ക്കിടയിലും മലേഷ്യക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 10 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടാവുന്നതെന്നും ഫസല്‍ പറഞ്ഞു.