ലോകകപ്പില്‍ സ്‌കോട്‌ലന്റിനെ ബംഗ്ലാദേശ് തോല്‍പ്പിച്ചു

Posted on: March 5, 2015 2:37 pm | Last updated: March 6, 2015 at 12:09 am
SHARE

ban vs scoനെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്റിനെതിരെ ബംഗ്ലാദേശിന് വിജയം. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. സ്‌കോട്‌ലാന്റ് ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കേയാണ് ബംഗ്ലാദേശ് മറികടന്നത്. സെഞ്ച്വറി നേടി സ്‌കോട്‌ലന്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ച കെയ്ല്‍ കോട്‌സറാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്റ് മികച്ച സ്‌കോറാണ് നേടിയത്. ലോകകപ്പില്‍ ആദ്യമായാണ് അവര്‍ 300ന് മുകളില്‍ സ്‌കോര്‍ നേടുന്നത്. ഓപ്പണര്‍ കെയ്ല്‍ കോട്‌സറാണ് സെഞ്ച്വറിയോടെ സ്‌കോട്‌ലന്റിനെ നയിച്ചത്. ആദ്യമായാണ് സ്‌കോട്‌ലന്റ് താരം ലോകകപ്പില്‍ സെഞ്ച്വറി നേടുന്നത്. 134 പന്തില്‍ 156 റണ്‍സ് നേടിയാണ് കോട്‌സര്‍ പുറത്തായത്. നാല് സിക്‌സറുകളുടേയും 17 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു ഇത്. മാറ്റ് മച്ചന്‍ (35), മൊംസന്‍ (39), ബെറിങ്ടണ്‍ (26) എന്നിവരും തരക്കേടില്ലാതെ ബാറ്റേന്തി. 8 വിക്കറ്റ് നഷടത്തിലാണ് സ്‌കോട്‌ലന്റ് 318 റണ്‍സ് നേടിയത്.
താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ അപ്രതീക്ഷിത സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വെല്ലുവിളികള്‍ ഒന്നും ഇല്ലാതെ തന്നെ വിജയിക്കാന്‍ കഴിഞ്ഞു. ഓപ്പണര്‍ തമീം ഇഖ്ബാല്‍ ഒരിക്കല്‍കൂടി ബംഗ്ലാദേശിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചു. 100 പന്തില്‍ 95 റണ്‍സ് നേടിയ ഇഖ്ബാലിന് സെഞ്ച്വറി നേടാനായില്ലെങ്കിലും ടീമിനെ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു. മഹ്മൂദുല്ല (62), മുഷ്ഫീഖുര്‍ റഹീം (60), ഷാകിബ് അല്‍ ഹസന്‍ (52), സാബിര്‍ റഹ്മാന്‍ (42) എന്നിവര്‍ അധികം നഷ്ടമൊന്നും വരുത്താതെ 48.1 ഓവറില്‍ ബംഗ്ലാദേശിന് രണ്ടാം ജയം സമ്മാനിച്ചു. ബംഗ്ലാദേശ് പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്.