‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി എല്ലാവരും കാണണമെന്ന് നിര്‍ഭയയുടെ പിതാവ്

Posted on: March 5, 2015 1:00 pm | Last updated: March 6, 2015 at 12:09 am
SHARE

Badrinath-ftr-nrbhyaന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗത്തെ കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററി എല്ലാവരും കാണേണ്ടതാണെന്ന് ഡല്‍ഹി കുട്ടിയുടെ പിതാവ്. നമ്മുടെ സമൂഹത്തിലേക്കുള്ള ഒരു കണ്ണാടിയാണ് ഈ ഡോക്യുമെന്ററി. അതുകൊണ്ട് ഇത് എല്ലാവരും കാണണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതിന് നിരോധനമേര്‍പ്പെടുത്തുന്നതെന്നറിയില്ലെന്നും എന്നാല്‍ രാജ്യം ഒരു തീരുമാനം അത് എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് തെറ്റെന്നും ശരിയെന്നും നമ്മുടെ ആണ്‍മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സാധിക്കില്ല. ജയിലില്‍ കഴിയുന്നയാള്‍ ഇങ്ങനെയാണ് പറയുന്നതെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്തായിരിക്കും പറയുകയെന്നും അദ്ദേഹം ചോദിച്ചു. കേസിലെ മുഖ്യപ്രതിയായ മുകേഷ് സിങിന്റെ അഭിമുഖം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലാല്‍സംഗത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ബലാത്സംഗത്തിന് കാരണം പെണ്‍കുട്ടി തന്നെയാണെന്നും ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ പ്രതികളില്‍ ഒരാള്‍ തുടങ്ങിയവരുടെ അഭിമുഖം ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ബ്രിട്ടീഷ് സംവിധായക ലെസ്ലി ഉഡ്‌വിനാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പാട്യാല കോടതിയും നിര്‍ദേശിച്ചിരുന്നു. ബിബിസിയോടും സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം തള്ളിയ ബിബിസി ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.30ന് മുകേഷ് സിങിന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.