11ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് വാറ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

Posted on: March 5, 2015 10:30 am | Last updated: March 5, 2015 at 10:30 am
SHARE

കല്‍പ്പറ്റ: വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനക്കെതിരെ ഈ മാസം 11ന് ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് കല്‍പ്പറ്റയിലെ വാറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പനമരത്ത് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ കടപരിശോധനക്കെത്തിയപ്പോള്‍ പ്രതിഷേധവുമായെത്തിയ വ്യാപാരികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത് പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. പനമരത്ത് ഉടമസ്ഥരില്ലാതെ ജീവനക്കാര്‍ കടകള്‍ തുറക്കുന്നത് പൊലീസ് തടഞ്ഞതായും ഇവര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പനമരത്ത് കടയടപ്പ് സമരം നടത്തി. വാറ്റ് നിയമത്തില്‍ കടപരിശോധന ഇല്ലെന്നിരിക്കെ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ചെറുകിട സ്ഥാപനങ്ങളില്‍ കയറി പരിശോധന നടത്തുന്നത് നീതീകരിക്കാനാവില്ല. ഇത്തരം അന്യായമായ പരിശോധനകള്‍ക്കെതിരെ ഇനിയും പ്രതികരിക്കും. ഇങ്ങനെ പ്രതികരിച്ചതിനാണ് പനമരത്തെ വ്യാപാരികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാല്‍ പനമരത്ത് കട പരിശോധനക്കിടെ റോഡില്‍ നിന്ന് പ്രതിഷേധിക്കുക മാത്രമാണ് വ്യാപാരികള്‍ ചെയ്തത്. ആരുടെയും കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചിട്ടില്ല. പരിശോധന നടത്തി കടയുടമക്ക് അതിന്റെ റസിപ്റ്റും നല്‍കിയാണ് ഉദ്യോഗസ്ഥര്‍ പോയത്. ശനിയാഴ്ച നടന്ന സംഭവത്തിന് കേസെടുത്തത് ചൊവ്വാഴ്ചയും. ഇതില്‍ നിന്ന് തന്നെ പനമരത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്താന്‍ പൗരന്‍മാര്‍ക്കെല്ലാം അവകാശമുണ്ട്. അത്തരത്തില്‍ മാത്രമാണ് പനമരത്ത് പ്രതിഷേധം നടന്നത്. എന്നാല്‍ ഇതിനെല്ലാം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് ചാര്‍ജ് ചെയ്തത് എന്ത് മാനദണ്ഠത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. ചെറുകിട കച്ചവടക്കാരെ തിരഞ്ഞുപിടിച്ച് ഇവരില്‍ നിന്നും പണം തട്ടാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിന്റെ ഭാഗമായാണ് ഈ സംഭവവും നടന്നത്. ഇത്തരത്തില്‍ പല സംഭവങ്ങളും ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. കട പരിശോധനക്ക് 15 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നിരിക്കെ പനമരത്ത് നോട്ടീസ് നല്‍കാതെ പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഇതേതുടര്‍ന്നാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ കല്‍പ്പറ്റയില്‍ ഒരു സ്വര്‍ണക്കടയില്‍ നോട്ടീസ് നല്‍കി അതേദിവസം തന്നെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ വ്യാപാരികള്‍ പ്രതിഷേധം നടത്തിയിട്ടില്ലെന്നും അവര്‍ അവകാപ്പെട്ടു. ഉദ്യോഗസ്ഥര്‍ കടപരിശോധന നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി കെ ഉസ്മാന്‍, ഖജാനജി ഒ.വി വര്‍ഗീസ്, അഷ്‌റഫ് വേങ്ങാട്, കെ കുഞ്ഞബ്ദുള്ള ഹാജി, ഇ ഹൈദ്രു നവന്യ, എന്‍.വി അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.