ജില്ലയിലെ ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രതിസന്ധിയിലേക്ക്

Posted on: March 5, 2015 10:30 am | Last updated: March 5, 2015 at 10:30 am
SHARE

പനമരം: ജില്ലയിലെ ഭൂരിഭാഗം വരുന്ന ചെറുകിട ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.ഡ്രൈവിംഗ് പരിശീലനത്തിന് സ്‌കൂളുകളില്‍ നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചതോടെ യാണ് പ്രതിസന്ധി.യിലായത്. ജില്ലയിലെ 46 അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളില്‍ വിരലില്ലെണ്ണാവുന്നവ ഒഴികെയുള്ളവയെല്ലാം പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം നിലവിലെ ഫീസ് ഘടനയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്തവയാണ്. നിലവില്‍ ഡ്രൈവിംഗ് പരിശീലനത്തിനായി ഈടാക്കുന്ന ഫീസിന്റെ മൂന്നിരട്ടിയെങ്കിലും ലഭിച്ചാല്‍ മാത്രമെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളു. വാഹനാപകടങ്ങളില്‍ 90 ശതമാനവും ഡ്രൈവറുടെ അശ്രദ്ധയോ പാകപിഴകളോ കൊണ്ടാണ് സംഭവിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് സ്‌കൂളുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചത്.
10/2014 ആയി ആഗസ്റ്റ് 13ന് ഇറക്കിയ സര്‍ക്കുലറും തുടര്‍ന്ന് 12/2014 ആയി സെപ്തംബര്‍ 12ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറുമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏഴ് നിര്‍ദേശങ്ങളില്‍ പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രതികൂലമായി മാറുന്നത്. ഒരുവാഹനം മാത്രമുള്ള ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഒരുബാച്ചില്‍ ഒരുപരിശീലകന്റെ കീഴില്‍ 16 പേരില്‍ കൂടുതല്‍ പഠിതാക്കളെ ചേര്‍ക്കാന്‍ പാടില്ലെന്നതാണ് പുതിയ നിര്‍ദേശം. രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ മാത്രമാണ് ഡ്രൈവിംഗ് പരിശീലനം ലഭ്യമാക്കേണ്ടതെന്നും, പഠിതാക്കളെ പരിശീലിപ്പിക്കുന്ന റൂട്ട് നേരത്തെ അതാത് ആര്‍ ടി ഓഫീസുകളില്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. നിയമപ്രകാരം ഡ്രൈവിംഗ് പരിശീലനത്തിന് മെക്കാനിക്കല്‍ ഡിപ്ലോമ യോഗ്യതയുള്ളവരെയെങ്കിലും നിയമിക്കണം. ഡ്രൈവിംഗ് സ്‌കൂളില്‍ വാഹനത്തിന്റെ മെക്കാനിസം സംബന്ധിച്ച് പഠിപ്പിക്കാനും പഠന ക്ലാസുകള്‍ നടത്തുന്നതിനും സൗകര്യമുള്ള തറവിസ്തീര്‍ണമുള്ള മുറികളുമുണ്ടായിരിക്കണം. പരിശീലകന്റെ യോഗ്യത തെളിയിക്കുന്ന രേഖകളുള്‍പ്പടെ പരിശോധനാ സമയങ്ങളില്‍ സ്‌കൂളിലുണ്ടായിരിക്കണം എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്നു കാണിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് ചെറുകിട ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചുകൊണ്ട് സ്‌കൂള്‍ നടത്തികൊണ്ട് പോകാന്‍ ഒരു പഠിതാവില്‍ നിന്നും 10,000 രൂപയെങ്കിലും ഡ്രൈവിംഗ് ഫീസ് ഈടാക്കേണ്ടി വരുമെന്നാണ് സ്ഥാപന അധികൃതരുടെ അഭിപ്രായം. നിലവില്‍ പരമാവധി 5000 രൂപയാണ് ജില്ലയില്‍ ലൈസന്‍സെടുക്കാന്‍ നല്‍കുന്ന ഫീസ്. ഒരു ലൈസന്‍സിന് കീഴില്‍ ശാഖകള്‍പോലും പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കിയാല്‍ നൂറുകണക്കിന് പേരുടെ ഉപജീവനമാര്‍ഗം വഴിമുട്ടുമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പരാതി. അതോടൊപ്പം ഡ്രൈവിംഗ് പരിശീലിപ്പിച്ച് ലൈസന്‍സെടുത്ത് നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചിത ഫീസ് നിര്‍ണയിക്കാത്തത് ഡ്രൈവിംഗ് പരിശീലിക്കുന്നവരെയും ദുരിതത്തിലാക്കും.