നേട്ടങ്ങള്‍ വാരിക്കൂട്ടി തൃശിലേരി ഗ്രാമത്തിലെ താരങ്ങള്‍

Posted on: March 5, 2015 10:27 am | Last updated: March 5, 2015 at 10:27 am
SHARE

മാനന്തവാടി: എണ്‍പതുകളില്‍ ജില്ലയിലെ കായിക വിസ്മയമായിരുന്നു തൃശിലേരി എന്ന ഗ്രാമം.
ഒരുപതിറ്റാണ്ടുകാലം തുടര്‍ച്ചയായി സ്‌ക്കൂള്‍ കായിക മത്സരത്തില്‍ തൃശ്ശിലേരി ഗവ ഹൈസ്‌ക്കൂള്‍ ചാമ്പ്യനമാരായിരുന്നു. ഭൗതീക സാഹചര്യങ്ങളില്ലാതിരുന്ന കാലത്ത് കായിക ലോകത്തെ അത്ഭുതപ്പെടുത്തിയാണ് ഈ ഗ്രാമത്തിലെ കുട്ടികള്‍ ഓടിയും ചാടിയുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയത്.
കാലം മാറിയതോടെ കായിക ലോകത്തു നിന്നും തൃശ്ശിലേരി ഹൈസ്‌ക്കൂള്‍ അല്‍പം പിറകിലായെങ്കിലും തൃശ്ശിലേരിയിലെ കായിക താരങ്ങള്‍ മികച്ച നേട്ടങ്ങള്‍ വാരിക്കൂട്ടി. ദേശീയതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത ജെയ്ഷക്കു പിന്നിലായി മറ്റൊരു കായികതാരം കൂടി ഈ ഗ്രാമത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്നു.
തൃശ്ശിലേരി പള്ളിക്കവലയിലെ ചക്കുളത്തില്‍ ബിജു പീറ്ററിന്റെയും ഷിജിയുടെയും മകള്‍ അനുഷ ബിജുവാണ് നേട്ടങ്ങളുടെ കൊടുമുടികള്‍ താണ്ടുന്നത്. കയാക്കിംഗ് താരമായ ഈ മിടുക്കി ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയാണ്. എട്ടാം ക്ലാസുവരെ മാനന്തവാടി സെന്റ് പാട്രിക് സ്‌ക്കൂളിലും പത്താം ക്ലാസ്സ് വരെ കണിയാരം ജികെഎം ഹൈസ്‌ക്കൂളിലുമാണ് പഠനം നടത്തിയത്.
ദേശിയ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൗമാര താരത്തിന് നാട്ടുകാര്‍ വികാരോജ്വല സീകരണമാണ് നല്‍കിയത്.സ്‌കൂള്‍ പഠനകാലത്ത് പിതാവ് ബിജു പീറ്ററിന്റെ പാതയാണ് അനുഷ തിരഞ്ഞെടുത്തത്.
ജാവലിന്‍, ഡിസ്‌ക്കസ് ത്രോ, ഹാമര്‍ എന്നിവ. ബിജു പീറ്റര്‍ സ്‌ക്കൂള്‍ പഠനകാലത്ത് ഹാമര്‍ ത്രോ താരമായിരുന്നു. ബിജുവിന്റെ സഹോദരിമാരായ ഷേര്‍ളി പീറ്ററും ബീന പീറ്ററും പോയ കാലത്തിന്റെ താരങ്ങളായിരുന്നു. അനുഷ സ്‌ക്കൂള്‍ മീറ്റില്‍ ഡിസ്‌ക്കസ് ത്രോയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു.
പിന്നീടാണ് കളം മാറ്റിചവിട്ടിയത്. അതോടെ മികച്ച താരമാകാന്‍ കഴിയുകയും ചെയ്തു. ദേശീയ ഗെയിംസില്‍ കെ 4ത500ലും കെ 200 ലും സ്വര്‍ണ്ണമെഡല്‍ നേടിയ അനുഷ കെ 1000ത്തില്‍ വെള്ളിമെഡലും കെ 2 500ലും 200ലും വെങ്കലം നേടി.
അവികസിതാമായ ഗ്രമത്തില്‍ നിന്നും ലോക കായികരംഗത്തേക്ക് ഉയരുന്ന കായിക താരങ്ങളുടെ നാടായി തൃശ്ശിലേരി മാറുകയാണ്. കായിക വിദ്യാഭ്യാസത്തിന് ജില്ലയിലുള്ള പരിമിതി പലര്‍ക്കും തടസ്സമാവുകയാണ്. ഈ പരിമതി കൂടി പരിഹരിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ മിന്നുന്ന താരങ്ങളായി മാറുമെന്നുതന്നെയാണ് അനുഷയുടെ നേട്ടം നല്‍കുന്ന പാഠം. അനുഷയുടെ സഹോദരന്‍ കോഴിക്കേടിന്റെ താരമാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ആകാശ് ബിജു സ്‌ക്കൂള്‍ കായിക മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.