ബ്ലാക്ക്മാനില്‍ പൊല്ലാപ്പിലായി ഇരിവേറ്റി നിവാസികള്‍

Posted on: March 5, 2015 10:22 am | Last updated: March 5, 2015 at 10:22 am
SHARE

കാവനൂര്‍: ബ്ലാക്ക് മാന്റെ പേരില്‍ ഇരിവേറ്റി നിവാസികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരാഴ്ച്ചയായി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാന്റെ പേരില്‍ ഒടുവില്‍ നാട്ടുകാര്‍ക്കെതിരെ കേസും.
ബ്ലാക്ക് മാനെന്ന പേരില്‍ പിടികൂടിയ അന്യ സംസ്ഥാന തൊഴിലാളികളെ വിരട്ടി വിട്ട നാട്ടുകാര്‍ക്ക് ഓര്‍ക്കാപുറത്താണ് അമളി പറ്റിയത്. ജോലിയില്ലാതെ വിശ്രമത്തിലായിരുന്ന സ്വര്‍ണ പണിക്കാരായ ബംഗാളികള്‍ മല കാണാന്‍ ഇറങ്ങുകയും ഒടുവില്‍ വഴിയറിയാതെ ഒരാളോട് വഴി ചോദിക്കുകയും ചെയ്തു. എന്നാല്‍ ബ്ലാക്ക്മാന്‍ കെണിയില്‍പെട്ട നാട്ടുകാരന്‍ വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം തനിക്ക് മൂന്ന് ബ്ലാക്ക്മാന്‍മാരെ കിട്ടിയ സന്തോഷത്തില്‍ നാട്ടുകാരെ വിളിച്ച് കൂട്ടി പണി തീരാത്ത വീടിനുള്ളില്ലാക്കി. പിന്നീട് നാട്ടുകാരും പോലീസും ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ബ്ലാക്ക് മാന്‍ വിഷയത്തില്‍ ഒരു ബന്ധവും ഇല്ലെന്ന് കണ്ടെത്തി.
ബ്ലാക്ക്മാനെ പിടികൂടിയതറിഞ്ഞ് നിമിഷങ്ങള്‍ക്കകം പ്രദേശത്ത് ജനങ്ങളെ കൊണ്ട് നിറയുകയായിരുന്നു. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ ബ്ലാക്ക്മാനെ കാണാതെ പോകില്ലെന്ന വാശിയിലായി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ഇവരെ ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഒടുവില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പോലീസിനെതിരെ കല്ലേറും നടന്നു. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസും വന്നു. എന്നാല്‍ മണല്‍ മാഫിയാ സംഘത്തില്‍പ്പെട്ടവരാണ് കല്ലെറിഞ്ഞതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ ഇരിവേറ്റി നിവാസികളുടെ പരിധി വിട്ട് ബ്ലാക്ക് മാന്‍ കഥ അയല്‍ പ്രദേശങ്ങള്‍ വരെ ഏറ്റെടുക്കുകയാണ്. രാത്രിയില്‍ എന്തെങ്കിലും അപ ശബ്ദം കേട്ടാല്‍ അതു പോലും ബ്ലാക്ക്മാനാണെത്രേ. വാഴയില ഇളകിയാല്‍, പൂച്ച ചൊറിയല്‍ മാറ്റാന്‍ വാതിലില്‍ ഉരസിയാല്‍, പക്ഷികള്‍ അപ ശബ്ദം ഉണ്ടാക്കിയാല്‍, നായ മറുകണ്ടം ചാടിയാല്‍ എല്ലാം ബ്ലാക്ക്മാനെന്നാണ് ഇപ്പോഴത്തെ വിഷയം. രണ്ട് ദിവസങ്ങളിലായി എളയൂരിലും ചെരങ്ങാക്കുണ്ടിലും ചെക്ക്യാപള്ളിയാളിയിലും വടക്കുംമലയിലും ഇത്തരത്തില്‍ സംഭവങ്ങളുണ്ടായതായി കവലകളിലും മറ്റും സംസാര വിഷയങ്ങളായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കിടയില്‍ പോലും വിവിധ തരത്തിലാണ് ബ്ലാക്ക് മാന്‍ കഥകള്‍ പ്രചരിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ബ്ലാക്ക്മാന് വീര പരിവേഷമാണ്. എന്നാല്‍ ബ്ലാക്ക് മാന്‍ എന്നത് വെറും കെട്ടുകഥ മാത്രമെന്നാണ് ഒട്ടു മിക്കവരുടെയും അഭിപ്രായം.