വിളനാശം: കര്‍ഷകര്‍ക്ക് തിരിച്ചടിയായത് സര്‍ക്കാറിന്റെ പരിഷ്‌കാരം

Posted on: March 5, 2015 10:21 am | Last updated: March 5, 2015 at 10:21 am
SHARE

കാളികാവ്: പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സം സര്‍ക്കാര്‍ തലത്തില്‍ വരുത്തിയ പരിഷ്‌ക്കാരം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനനുസൃതമായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ഉത്തരവാണ് പ്രകൃതി ക്ഷോഭത്തില്‍ നാശം സംഭവിക്കുന്ന വാര്‍ഷിക വിളകളുടെ നഷ്ടത്തുക വെട്ടിക്കുറച്ചത്.
കുലച്ച വാഴക്ക് ഒന്നിന് കൃഷിവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ആദ്യത്തില്‍ 25 രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നു. പിന്നീടത് 100 രൂപയായി ഉയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ വാര്‍ഷിക വിളകള്‍ക്ക് ഹെക്ടറിന് പരമാവധി 20,000 രൂപ മാത്രമേ നല്‍കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. അതോടെ കുലച്ച വാഴക്ക് 3.60 രൂപ മാത്രമേ നഷ്ടം ലഭിക്കുകയുള്ളു. ചോക്കാടില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ 10000 ത്തിലേറെ വാഴകളാണ് നിലം പൊത്തിയത്. ഒരു വാഴ കുലച്ചു വരുമ്പോള്‍ കര്‍ഷകന് 150 രൂപയോളം ചെലവ് വരും. കഴിഞ്ഞ രണ്ട് വര്‍ഷമായി നഷ്ടക്കണക്ക് കൃഷി ഉദ്യോഗസ്ഥര്‍ മുകളിലേക്ക് അറിയിച്ചിരുന്നു. എന്നാല്‍ ഒരു ചില്ലിക്കാശും നഷ്ട പരിഹാരമായി ലഭിച്ചിട്ടില്ല. കാറ്റിലും മഴയിലും വിള നാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ട പരിഹാര തുക അടിയന്തരമായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ചോക്കാട് നാല്‍പത് സെന്റില്‍ കാറ്റില്‍ നാഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം ആവശ്യപ്പെട്ട് സ്ഥലം എം എല്‍ എ യും മന്ത്രിയുമായ എ പി അനില്‍കുമാറിന് പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അശ്‌റഫ് അറിയിച്ചു.