വ്യാജ ആര്‍ സി നിര്‍മിച്ച് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

Posted on: March 5, 2015 10:20 am | Last updated: March 5, 2015 at 10:20 am
SHARE

പെരിന്തല്‍മണ്ണ: വ്യാജ ആര്‍ സി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ പെരിന്തല്‍മണ്ണ പോലീസ് പിടികൂടി. മേലാറ്റൂര്‍ എടയാറ്റൂര്‍ മനഴി ഒലിപ്പുഴ പൂന്തോട്ടത്തില്‍ മുഹമ്മദിന്റെ മകന്‍ ലിയാഖത്തലി (43)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇടനിലക്കാരനായ പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് മരുതഞ്ചേരിയിലെ മാഞ്ചേരി വീട്ടില്‍ മുഹമ്മദ് ബശീര്‍ (44)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ബുധനാഴ്ച വൈകുന്നേരം മൗലാനാ ആശുപത്രിക്ക് മുന്‍വശത്ത് വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യാജ ആര്‍ സികള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍-കോളജ് സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ നിര്‍മിച്ച് വളരെ കാലങ്ങളായി വന്‍ തോതില്‍ തട്ടിപ്പ് നടത്തിയ കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഏതാണ്ട് 90 ശതമാനം ട്രാവല്‍സുകാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി ഒതുക്കി തീര്‍ക്കും. ഇയാള്‍ നിര്‍മിച്ച് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേരെ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. മുമ്പ് സി ബി ഐ മലപ്പുറം പാസ് പോര്‍ട്ട് ഓഫീസ് റെയ്ഡ് ചെയ്ത സമയത്ത് അവര്‍ക്ക് ലഭിച്ച പാസ്‌പോര്‍ട്ടുകളോടനുബന്ധിച്ചുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് എറണാകുളം സി ബി ഐ ഓഫീസിലേക്ക് 30 പ്രാവശ്യം വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തിലെ മറ്റ് മുഖ്യ കണ്ണികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ. കെ എം ബിജു, എസ് ഐ. സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ സി പി മുരളി, പി മോഹന്‍ദാസ്, പി മോഹനകൃഷ്ണന്‍, ടി ശ്രീകുമാര്‍, പി രാജശേഖരന്‍, എന്‍ ടി കൃഷ്ണകുമാര്‍, അശ്‌റഫ് കൂട്ടില്‍, അനില്‍ ചാക്കോ, പി കെ അബ്ദുല്‍ സലാം, ഫാസില്‍ കുരിക്കള്‍ എന്നിവരാണ് പ്രതിയെ പിടികൂടിയതും ഈ കേസ് അന്വേഷിക്കുന്നതും.