Connect with us

Malappuram

എസ് വൈ എസ് സമ്മേളന നഗരി മാലിന്യമുക്തമാക്കി

Published

|

Last Updated

കോട്ടക്കല്‍: ജനലക്ഷങ്ങള്‍ പങ്കെടുത്ത സമ്മേളന നഗരി മാലിന്യമുക്തമാക്കി എസ് വൈ എസ് പ്രവര്‍ത്തകര്‍. “ഒന്നും മാലിന്യങ്ങളല്ല, വിഭവങ്ങളാണ്” എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ എടരിക്കോട് നടന്ന സമ്മേളന നഗരിയും പരിസരവും മാലിന്യ മുക്തമാക്കിയത്. 600 വളണ്ടിയര്‍മാരും രണ്ട് സാങ്കേതിക വിദഗ്ദരും, 46 തൊഴിലാളികളുമാണ് ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ചത്. 1000 ഏക്കര്‍ സ്ഥലമാണ് സമ്മേളനത്തിനായി ഉപയോഗിച്ചിരുന്നത്.
ഇവിടെത്തേയും പരിസരത്തെ കിലോമീറ്ററുകള്‍ നീളുന്ന പാതയോരങ്ങളിലേയും മാലിന്യങ്ങള്‍ ശേഖരിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. വന്‍ സമ്മേളനങ്ങള്‍ നടക്കുന്ന പലയിടങ്ങളിലും ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ പരിസരവാസികള്‍ക്ക് ദുരിതമാകുന്നതാണ് സമീപകാല അനുഭവങ്ങള്‍. ഇതിനെതിരെ ചിന്തിച്ച് ഒന്നും മാലിന്യങ്ങളല്ല വിഭവങ്ങളാണെന്ന ആശയമാണ് സംഘടന നടപ്പിലാക്കിയത്. സമ്മേളനങ്ങളില്‍ പങ്കെടുത്ത ലക്ഷങ്ങള്‍ക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ വിതരണം ചെയ്തിരുന്നു. ഇതിനായി ഉപയോഗിച്ച അലൂമിനിയം കണ്ടയിനറുകള്‍, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, പേപ്പര്‍ കപ്പുകള്‍, പൊതിയാനായി നല്‍കിയ പേപ്പറുകള്‍, ഹാര്‍ബോര്‍ഡുകള്‍, ന്യൂസ് പേപ്പറുകള്‍ എന്നിവ ശേഖരിച്ച് ഇനം തിരിച്ചാണ് നഗരിയും പരിസരവും മാലിന്യ മുക്തമാക്കിയത്. ഓരോ ദിവസവും സമ്മേളന നഗരിയില്‍ മാലിന്യം ശേഖരിക്കാനായി 40 ടിന്നുകള്‍ സ്ഥാപിച്ചിരുന്നു. നൂറ് വളണ്ടിയര്‍മാരും രംഗത്തിറങ്ങി. ദിനം പ്രതിയുള്ള പാഴ് വസ്തുക്കള്‍ അപ്പപ്പോള്‍ തന്നെ ശേഖരിച്ച് ഇനം തിരിക്കാന്‍ രണ്ട് തൊഴിലാളികളേയും നിയമിച്ചു. ഇവര്‍ ആറിനമായാണ് മാലിന്യങ്ങളെ തരം തിരിച്ചത്.
ഖര മാലിന്യങ്ങളായും ജൈവ വസ്തുക്കളായും മാറ്റിവെ ച്ചവ പിന്നീട് ആധുനിക സംവിധാനത്തിലൂടെ വീണ്ടും ഉപയോഗത്തിന് സൗകര്യമൊരുക്കുകയായിരുന്നു. സമ്മേളനം കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി പരിസരത്തെ മുഴുവന്‍ മാലിന്യങ്ങളും ശേഖരിച്ചു. എടരിക്കോട് ടൗണ്‍, തിരൂര്‍ റോഡിലെ മൂച്ചിക്കല്‍ വരെയും ദേശീയപാതയിലേയും മാലിന്യങ്ങളാണ് ശേഖരിച്ചത്.
സമ്മേളനത്തിനായി രൂപം നല്‍കിയ സമിതിയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇബ്രാഹീം വാരിയത്തിന്റെ കീഴില്‍ വളണ്ടിയര്‍മാരും, ഉപസമിതിയായി അയ്യൂബ് താനാളൂര്‍, ശക്കീര്‍ നാളിശ്ശേരി, ഗഫൂര്‍ താനാളൂര്‍ എന്നിവരും പ്രവര്‍ത്തിച്ചു. കോഴിക്കോട് മര്‍ക്കസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വകുപ്പാണ് മാലിന്യത്തെ വിഭവമാക്കുന്നതിന് നേതൃത്വം നല്‍കിയത്. 90,000 രൂപയാണ് നഗരിയെയും പരിസരത്തെയും മാലിന്യ മുക്തമാക്കാന്‍ ഉപയോഗിച്ചത്. പാഴ് വസ്തുക്കളെ ഉപയോഗപ്പെടുത്തിയ നിലയില്‍ 10,000രൂപ ലാഭിക്കാനായി എന്ന നേട്ടവും ഇതിലൂടെ കൈവരിച്ചു. സംസ്ഥാനം നേരിടുന്ന മാലിന്യ വിപത്തിനെതിരെ താജുല്‍ ഉലമാ നഗറിലെ എസ് വൈ എസ് സമ്മേളനം പുതിയൊരു മാതൃക കൂടിയാണ് സമൂഹത്തിന് സമ്മാനിച്ചത്.

---- facebook comment plugin here -----

Latest