നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണം: ഐ എന്‍ എല്‍

Posted on: March 5, 2015 10:16 am | Last updated: March 5, 2015 at 10:16 am
SHARE

കോഴിക്കോട്: നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിര്‍മാണ മേഖല സ്തംഭിച്ചിട്ട് ഒരു മാസത്തോളമായിട്ടും സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ചെങ്കല്‍- കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ അധികമായി വര്‍ധിപ്പിച്ചതും കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് കോടതിവിധി തടസ്സമായതുമാണ് സ്തംഭനാവസ്ഥക്ക് പ്രധാനകാരണം. സര്‍ക്കാര്‍ വേണ്ടത്ര രീതിയില്‍ ഇടപെടലുകള്‍ നടത്താതിരുന്നത് മൂലമാണ് ഇത് സംഭവിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ ക്വാറി ഉടമകളെല്ലാം സമരം ആരംഭിച്ചത്.
ക്വാറി ഉടമകളോട് അനുഭാവം പ്രകടിപ്പിച്ച് ടിപ്പര്‍ ലോറി ഉടമകളും രംഗത്തുവന്നതോടെ സ്തംഭനാവസ്ത പൂര്‍ണമായി. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് സാധാരണക്കാര്‍ പണിയുന്ന വീടുകള്‍ പോലും പൂര്‍ത്തിയാകാതെ കിടക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നു. നിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. ഈ മേഖലയെ ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന തൊഴിലാളികള്‍ പട്ടിണിയുടെ വക്കിലാണ്. സാമ്പത്തിക വര്‍ഷാവസാനം നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. കരാറുകാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ പലരും പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം വന്‍കിട ക്വാറിഉടമകള്‍ മാത്രമാണ് സമരം നിര്‍ത്തിയത്. ചെറുകിട ക്വാറികള്‍ ഇപ്പോഴും സമരത്തിലാണ്. ആയതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ജില്ലാ ഐ എന്‍ എല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.