Connect with us

Kozhikode

മിനിലോറി, ടിപ്പര്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ജിയോളജി ബില്ല് വൈകുന്നതില്‍ പ്രതിഷേധിച്ച് മിനിലോറി, ടിപ്പര്‍ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
ബില്ലില്ലാതെ മെറ്റലുകളുമായി പോകുന്ന മിനിലോറി, ടിപ്പര്‍ തൊഴിലാളികളില്‍ നിന്ന് 25,000 രൂപ മുതല്‍ 50,000 രൂപവരെയാണ് പോലിസും ജിയോളജി വകുപ്പ് അധികൃതരും നിലവില്‍ പിഴ ഈടാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്വാറി- ക്രഷര്‍ മേഖലയില്‍ നടത്തിയിരുന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചിരുന്നു. ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ക്വാറി- ക്രഷര്‍ ഉടമകളെ അറിയിച്ചിരുന്നതിനെ തുടര്‍ന്നാണ് മിനിലോറി, ടിപ്പര്‍ തൊഴിലാളികള്‍ മെറ്റല്‍ ലോഡ് കയറ്റുന്നത്. എന്നാല്‍ ജിയോളജി ബില്ല് ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ലോഡ് കയറ്റാനാകാത്ത അവസ്ഥയാണുള്ളത്.
ചെറുകിട ക്രഷറുകള്‍ക്ക് ജിയോളജി ബില്ല് അനുവദിച്ചില്ലെങ്കില്‍ മെറ്റലിന്റെ വില 50ശതമാനം വര്‍ധിക്കും. ഇത് സാധാരണകാര്‍ക്ക് താങ്ങാനാകുന്നതിലധികമാകും. ചെറുകിട ക്രഷറുകള്‍ക്ക് ജിയോളജി ബില്ല് എത്രയും പെട്ടന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ക്വാറി- ക്രഷര്‍ ചെങ്കല്ല് മേഖലയിലെ മിനി ലോറി ടിപ്പര്‍ തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റവന്യൂ മന്ത്രിക്കും അപേക്ഷ നല്‍കിയിരിക്കുകയാണ്.
ജിയോളജി ബില്ല് ലഭിക്കുന്നതുവരെ മെറ്റലുമായി വരുന്ന വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കരുതെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ക്കും ഇരുജില്ലയിലെയും പോലീസ് കമ്മീഷണര്‍മാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ജിയോളജി ബില്ല് കിട്ടുന്നതുവരെ വാഹനങ്ങള്‍ തടയില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്ന് ലോറി, ടിപ്പര്‍, ഏര്‍ത്ത് മൂവേഴ്‌സ് ബില്‍ഡിംഗ് മെറ്റീരിയല്‍ കോണ്‍ട്രാക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബാബു കിണാശ്ശേരി, ആബിദ്, പി വി നൗഷാദ് പങ്കെടുത്തു.

Latest