പേരാമ്പ്രയില്‍ വ്യാപാരികളും യുവാക്കളും ഏറ്റുമുട്ടി; ആറ് പേര്‍ക്ക് പരുക്ക്

Posted on: March 5, 2015 9:55 am | Last updated: March 5, 2015 at 9:55 am
SHARE

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡ് പരിസരത്ത് അമ്പലനടയിലെ വ്യാപാരികളും പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടെത്തിയ യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട അഞ്ച് പേര്‍ക്കും പ്രശ്‌നമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് അംഗം കൂളിക്കണ്ടി കരീമിനും പരുക്കേറ്റു.
ഇതേത്തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷവും നിലനിന്നു. നേരത്തെ പുതിയ സ്ഥാപനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തര്‍ക്കം അനുരജ്ഞനത്തിലൂടെ പരിഹരിക്കാന്‍ നീക്കം നടക്കുന്നതിനിടയില്‍ നിര്‍മാണത്തിന് തുടക്കമിട്ടതാണ് സ്ഥലത്തെ വ്യാപാരികളെ പ്രകോപിപ്പിച്ചത്.
എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് പ്രവൃത്തി നടത്തുന്നതെന്നമാണ് എതിര്‍ വാഭാഗത്തിന്റെ വിശദീകരണം. വ്യാപാരികളെ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലനടയില്‍ ഹര്‍ത്താലാചരിച്ചു. ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.