ക്വാറികള്‍ നിലച്ചിട്ട് രണ്ടാഴ്ച; ആയിരങ്ങള്‍ ദുരിതത്തില്‍

Posted on: March 5, 2015 9:54 am | Last updated: March 5, 2015 at 9:54 am
SHARE

മുക്കം: രണ്ടാഴ്ചയായി കരിങ്കല്‍ ക്വാറികള്‍ അടഞ്ഞു കിടക്കുന്നതുമൂലം മലയോരത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയില്ലാതെ ദുരിതത്തില്‍. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ എം ഒ ഇ എഫ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചെറുകിടക്വാറികള്‍ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയെത്തുടര്‍ന്നാണ് സംസ്ഥാനത്തെ നാലായിരത്തിലേറെ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
വന്‍കിട ക്രഷറുകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും ഇത് സാധാരണക്കാര്‍ക്ക് ഗുണകരമാകില്ല. സംസ്ഥാനത്തെ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വസ്തുക്കളാണ് വന്‍കിട ക്രഷറുകളില്‍ നിന്നും പോകുന്നത്. ഇതിനാല്‍ സാധാരണക്കാരായ ആയിരക്കണക്കിനാളുകള്‍ക്ക് നിര്‍മാണ വസ്തുക്കള്‍ ഇപ്പോഴും കിട്ടാക്കനിയായിരിക്കുകയാണ്. നിര്‍മാണ മേഖലയിലെ ചെങ്കല്ലുകാരും ക്വാറി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തിലാണ്.
കല്ലുവെട്ട്, കോണ്‍ക്രീറ്റ്, പടവ്, തേപ്പ്, തൊഴില്‍ രംഗത്തെ ആയിരക്കണക്കിനാളുകളും ജോലിയില്ലാതെ ദുരിതത്തിലാണ്. തറകെട്ടാനുപയോഗിക്കുന്ന ബോളറുകള്‍ വന്‍കിട ക്വാറികള്‍ വില്‍പ്പന നടത്താത്തത് നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ക്വാറി ഉടമ സംഘടനയുടെ സംസ്ഥാന നേതാവ് പറഞ്ഞു. വന്‍കിട ക്വാറികള്‍ക്കനുകൂലമായ നിലപാടാണ് സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളെ തൊഴില്‍ രഹിതരാകുമെന്നും സംസ്ഥാന സര്‍ക്കാറിന്റെ മൗനം ഗുരുതരമാണെന്നും സംസ്ഥാന നേതാവ് പറഞ്ഞു.