റണ്‍വേ നവീകരണം; കരിപ്പൂരില്‍ മെയ് മുതല്‍ വലിയ വിമാനങ്ങളിറങ്ങില്ല

Posted on: March 5, 2015 8:54 am | Last updated: March 6, 2015 at 12:09 am
SHARE

KARIPPUR AIRPORTമലപ്പുറം: മെയ് ഒന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്ക്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വിമാനത്താവളം ഭാഗികമായി അടച്ചിടാനാണ് തീരുമാനം. ഇതോടെ ഒക്‌ടോബര്‍ 31 വരെയുള്ള ആറ് മാസം വലിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാനാകില്ല. ദിവസവും എട്ട് മണിക്കൂര്‍ വിമാനത്താവളം അടച്ചിടേണ്ടിവരും. ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി 12 മണി വരെയായിരിക്കും ഇതെങ്കിലും സാങ്കേതിക വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
നിലവിലെ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് അപകടമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് റണ്‍വേ നവീകരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 54ഓളം വിള്ളലുകള്‍ റണ്‍വേയില്‍ കണ്ടെത്തിയതായി കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റണ്‍വേയുടെ ബലക്ഷയമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതേത്തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം അടച്ചിടുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും നവീകരണ പ്രവൃത്തികള്‍ വൈകുകയാണെങ്കിലും നിരോധം കൂടുതല്‍ സമയത്തേക്ക് നീളാനാണ് സാധ്യത. പ്രാഥമിക പ്രവൃത്തി കഴിഞ്ഞാല്‍ പരിശോധന നടത്തിയ ശേഷമേ പൂര്‍ണമായി പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളു. നിരോധമേര്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയതോടെ എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ വിമാനങ്ങള്‍ കരിപ്പൂരിലേക്കുള്ള ബുക്കിംഗ് നിര്‍ത്തിവെച്ചിട്ടുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്ന കമ്പനികളാണിത്. നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും വിമാന സര്‍വിസുകള്‍ മാറ്റുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ യാത്രക്കാര്‍ ഈ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. നാട്ടിലേക്കും ഗള്‍ഫിലേക്കുമുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നതാണ് തീരുമാനം. ഹജ്ജ് യാത്രക്കാരെയും ഇത് സാരമായി ബാധിക്കും. നിലവില്‍ വലിയ വിമാനങ്ങളാണ് ഹജ്ജ് യാത്രക്കാര്‍ക്കായി സഊദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. ചെറുവിമാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാല്‍ സഊദി എയര്‍ലൈന്‍സ് സര്‍വീസ് നടത്താന്‍ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. സെപ്തംബര്‍ പകുതിയോടെയാണ് ഹജ്ജ് സീസ ണ്‍ ആരംഭിക്കുക.
ആഴ്ചയി ല്‍ നാല്‍പ്പത് സര്‍വീസുകളാണ് വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് നടത്തുന്നത്. പതിനാറായിരത്തോളം പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.