Connect with us

Ongoing News

ആഫ്രിക്കയില്‍ തടവില്‍ കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

Published

|

Last Updated

തിരുവനന്തപുരം: ആഫ്രിക്കയിലെ സെയ്‌ഷെല്‍സില്‍ തടവിലായിരുന്ന 19 മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇവരില്‍ എട്ട് പേര്‍ വിഴിഞ്ഞം- പൂവാര്‍ സ്വദേശികളും മറ്റുള്ളവര്‍ തമിഴ്‌നാട്ടുകാരുമാണ്. കൊച്ചിയില്‍ വിമാനമിറങ്ങിയ ഇവരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മത്സ്യബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ജനുവരി 29ന് ആണ് സെയ്‌ഷെല്‍ അധികൃതര്‍ ഇവരെ പിടികൂടിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡോ. ശശി തരൂര്‍ എം പിയും വിഷയത്തെക്കുറിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയാണ് ഇവരെ മോചിപ്പിക്കാനായത്.
അതേസമയം പിടിയിലായ രണ്ട് ബോട്ടുകളിലെയും ക്യാപ്റ്റന്മാരെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. സെയ്‌ഷെല്‍സില്‍ കഴിയുന്ന രണ്ട് ക്യാപ്റ്റന്മാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡോ. ശശി തരൂര്‍ എം പി അറിയിച്ചു.
എത്രയും വേഗം അവരെയും നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15ന് ജെറി മാക്‌സ്, റെ റോഹബത്ത് എന്നീ ബോട്ടുകളില്‍ കൊച്ചിയില്‍ നിന്നാണ് 21 അംഗസംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

Latest