എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പ് ഈ മാസം 31ന് ആരംഭിക്കും

Posted on: March 5, 2015 5:50 am | Last updated: March 7, 2015 at 12:03 am
SHARE

തിരുവനന്തപുരം: എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പ് ഈ മാസം 31ന് ആരംഭിക്കും. നേരത്തെ 28ന് ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം കൂട്ടി ഏപ്രില്‍ 16ന് തന്നെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും അധ്യാപകസംഘടനകളുടേയും യോഗത്തിലാണ് തീരുമാനം. ഇത്തവണ 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് മാസം ആദ്യവാരത്തോടെ വിതരണം ചെയ്ത് ജൂണ്‍ ആദ്യ വാരം തന്നെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാനും തീരുമാനമായി. ഇന്‍വിജിലേറ്റര്‍മാരായി 25,000 പേരെയും മൂല്യനിര്‍ണയത്തിന് 12,500 പേരെയും നിയമിക്കും. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. പരീക്ഷാ ടൈം ടേബിളില്‍ മാറ്റം വരുത്തണമെന്ന് നേരത്തെ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നിവ അടുത്ത ദിവസങ്ങളില്‍ നടത്തുന്നതിനോടായിരുന്നു എതിര്‍പ്പ്. എന്നാല്‍ വൈകിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ ഒമ്പത് സ്‌കൂളുകളില്‍ നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളില്‍ നിന്ന് 1128 പേരും എസ് എസ് എല്‍ സി പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 24,446 പേരാണ് മലപ്പുറത്ത് നിന്നും പരീക്ഷ എഴുതുന്നത്. കുറവ് കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ നിന്നാണ്. 2,455 പേര്‍. മലപ്പുറം എടരിക്കോട് പി കെ എം എച്ച് എസ് എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 2118 പേര്‍. കുറവ് കുട്ടികള്‍ എഴുതുന്നത് ബേപ്പൂര്‍ ജി ആര്‍ എച്ച് എസിലാണ്. രണ്ട് പേരാണ് ഇവിടെനിന്നും പരീക്ഷ എഴുതുന്നത്.
യോഗത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണ ഭട്ട്, പരീക്ഷാസെക്രട്ടറി സുകുമാരന്‍, അധ്യാപക സംഘടനാ നേതാക്കളായ വി ഉണ്ണികൃഷ്ണന്‍, തിലക രാജ്, പി ഹരിഗോവിന്ദന്‍, എ കെ സൈനുദ്ദീന്‍, സ്വലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.