പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശത്തില്‍ തെറ്റില്ല: മുഖ്യമന്ത്രി

Posted on: March 5, 2015 5:31 am | Last updated: March 4, 2015 at 11:32 pm
SHARE

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം തെറ്റാണെന്ന് പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയൂര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളത്തില്‍ 56 വയസ്സില്‍ വിരമിക്കുകയെന്നത് വിരോധാഭാസമാണ്. എന്നാല്‍, യുവജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു വര്‍ഷം 25000 മുതല്‍ 30,000 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നത്. 25 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. ഇത്രയും പേരുടെ ജോലി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നഷ്ടപ്പെടുമെന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെയൊരു ധാരണയുള്ളതിനാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്ന തീരുമാനം താങ്ങാന്‍ സമൂഹത്തിന് ശേഷിയില്ല. യുവാക്കളില്‍ വലിയ അമര്‍ഷം ഉണ്ടാക്കുന്ന ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് കഴിയില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശം പലതലങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ചില സാഹചര്യങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി നല്‍കാറുണ്ട്. ആരോഗ്യ രംഗത്ത് ഡോക്ടര്‍മാര്‍ക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തി നല്‍കിയത് ഇതിന്റെ ഭാഗമാണ്. ഫാക്കല്‍റ്റി ഇല്ലാതെ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോഴാണ് മെഡിക്കല്‍ ഫീല്‍ഡില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത്. പി എസ് സി ലിസ്റ്റ് നിലവില്‍ ഇല്ലെങ്കിലും ഇക്കാര്യം പരിഗണിക്കാം.
പി എസ് സി സെക്രട്ടറിയായി സാജു ജോര്‍ജിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. വിശദമായ അന്വേഷണത്തിലും സര്‍ക്കാര്‍ നിലപാട് ശരിയെന്നാണ് ബോധ്യപ്പെട്ടത്. ഇക്കാര്യം ഗവര്‍ണര്‍ പരിശോധിച്ച് തീരുമാനം എടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റുപറ്റിയാല്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അത്തരത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.