Connect with us

Eranakulam

ഇന്ത്യാവിഷന്‍ റസിഡന്റ ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയെ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. സേവനനികുതി കുടിശിക അടക്കുന്നതില്‍ രണ്ട് വര്‍ഷമായി വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്. ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസില്‍ ഇന്നലെ രാവിലെ മുതല്‍ നടത്തിയ പരിശോധനക്ക് ശേഷം വൈകീട്ടാണ് ഫാറൂഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷനല്‍ സി ജെ എം കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ 12 വരെ റിമാന്‍ഡ് ചെയ്തു.
2013 ഏപ്രിലിന് ശേഷം ഇന്ത്യാവിഷന്‍ സേവന നികുതി അടച്ചിട്ടില്ലെന്നും കഴിഞ്ഞ ജനുവരി വരെ 2.6 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും സെന്‍ട്രല്‍ എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് ജപ്തി ചെയ്യാനും സെന്‍ട്രല്‍ എക്‌സൈസ് നീക്കമുണ്ടെന്നറിയുന്നു. ഇന്ത്യാവിഷന്‍ ഓഫീസില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്യേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കി. സാധനങ്ങളൊന്നും ഓഫീസില്‍ നിന്ന് പുറത്തുകൊണ്ടു പോകരുതെന്ന് നിര്‍ദശം നല്‍കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംപ്രേഷണം നിലച്ചിരിക്കുന്ന ചാനലിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. നേരത്തെ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ശമ്പള കുടിശ്ശിക ഫെബ്രുവരി 26ന് മുമ്പ് കൊടുത്തു തീര്‍ക്കുമെന്നാണ് മാനേജ്‌മെന്റ് ലേബര്‍ കമ്മീഷണര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ്. ചാനലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ജീവനക്കാര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.