Connect with us

Kerala

മാണിക്കെതിരായ അഴിമതിക്കേസ് വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ സാമ്പത്തിക അഴിമതി, അനധികൃത സ്വത്തു സമ്പാദിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നടപടികള്‍ ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.
അഡ്വ. സി പി ഉദയഭാനു മുഖേന തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ്് കോടതി ഫയലില്‍ സ്വീകരിച്ച് നടപടികള്‍ ആരംഭിക്കാന്‍ അടുത്തമാസം നാലാം തീയതിയിലേക്ക് നീട്ടിയത്.
കഴിഞ്ഞ ഡിസംബര്‍ 16ന് മന്ത്രി മാണിക്കെതിരെ 27.43 കോടിയുടെ അഴിമതി ആരോപണങ്ങള്‍ ശിവന്‍കുട്ടി നിയമസഭയില്‍ ഉന്നയിക്കുകയും ഇതേകുറിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എിവര്‍ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
ബാര്‍ മുതലാളിമാരില്‍ നിന്ന് കോഴയുടെ അഡ്വാന്‍സ് ആയി മാത്രം ഒരു കോടി വാങ്ങിയ കെ എം മാണി, നികുതി കുറച്ചു കൊടുക്കാനായി ക്വാറി ക്രഷര്‍ മുതലാളിമാരില്‍ നിന്ന് രണ്ടുകോടിയും, നോര്‍ത്ത് ഇന്ത്യന്‍ മൈദ, മാവ് ലോബിയില്‍ നിന്ന് 10 കോടിയും ബില്‍ഡേഴ്‌സില്‍ നിന്ന് അഞ്ചു കോടിയും ആണ് കോഴ വാങ്ങിയത്. ഇതുകൂടാതെ സ്വര്‍ണ വ്യാപാരികളില്‍ നിന്നും ബേക്കറി ഉടമകളില്‍ നിന്നും രണ്ടു കോടി വീതവും, പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്ന് അഡ്വാന്‍സായി മൂന്നു ലക്ഷവും മാണി കോഴ പണമായി കൈപ്പറ്റി. തന്റെ ബന്ധുവായ ബാബു തോമസിന് കമ്മീഷന്‍ അടിച്ചെടുക്കുന്നതിനായി സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിനെ നോക്കുകുത്തിയാക്കി 20 കോടിയുടെ അഴിമതിയാണ് മാണി നടത്തിയത്. പൊതുമേഖലയിലെ മറ്റു ഇന്‍ഷ്വറന്‍സ് കമ്പനികളുടെ അപേക്ഷകളെ അവഗണിച്ചും ടെന്‍ഡറുകള്‍ ക്ഷണിക്കാതെയുമാണ് മന്ത്രി തന്റെ ബന്ധുവായ ബാബുതോമസിനുവേണ്ടി യുനൈറ്റഡ് ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷ്വറന്‍സ് പദ്ധതി നടത്തിപ്പിനുള്ള ചുമതല ഏല്‍പ്പിച്ചത്. ഇതുകാരണം സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പ്രീമിയം 50 രൂപയില്‍ നിന്ന് 300 മുതല്‍ 500 വരെ രൂപയായി വര്‍ധിപ്പിച്ച് അവരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുകയാണ്. ഈ അഴിമതിയിലൂടെ 20 കോടി രൂപയാണ് മാണിക്കും ബന്ധു ബാബുതോമസിനും പ്രതിവര്‍ഷം ലഭിക്കുന്നത്.
ഇതൊക്കെ മാണിയുടെ അഴിമതിയുടെ ആമുഖം മാത്രമാണെന്നും മാണി നടത്തിയ അനവധി കോടികളുടെ മറ്റ് അഴിമതി സംബന്ധിച്ചും താന്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വിശദമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
2013 ഏപ്രില്‍ മൂന്ന് മുതല്‍ 2014 മാര്‍ച്ച് ഒന്നുവരെ മാത്രം 64.15 കോടി രൂപയുടെ റവന്യൂ റിക്കവറി സ്റ്റേയാണ് ധനകാര്യ മന്ത്രിയെന്ന നിലയില്‍ മന്ത്രി തന്റെ വേണ്ടപ്പെട്ട വ്യവസായികള്‍ക്ക് നല്‍കിയത്. മന്ത്രി പദവി ഉപയോഗിച്ച് സംസ്ഥാന ഖജനാവിന് ലഭിക്കേണ്ട നികുതി പണം ഈടാക്കുന്നത് സ്റ്റേ ചെയ്യുന്നതിനുള്ള അധികാരം ഒരു ധനകാര്യ മന്ത്രിക്ക് നിയമപരമായി ഇല്ലെന്നിരിക്കെയാണ് കെ എം മാണി അഴിമതി കാണിച്ചിരിക്കുന്നത്.
മന്ത്രിയുടെ തിരഞ്ഞെടുപ്പ് സമയത്തുള്ള വരുമാനവും ഇപ്പോഴുള്ള സ്ഥാവര-ജംഗമ ആസ്തികളും തമ്മിലുള്ള അന്തരം തന്നെ ധനമന്ത്രി കെ എം മാണി വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നതിന്റെ സംസാരിക്കുന്ന തെളിവുകളാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Latest