നിയമസഭാ സമ്മേളനത്തിന് പൂര്‍ണസഹകരണം പ്രതിപക്ഷം വാഗ്ദാനം ചെയ്‌തെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

Posted on: March 5, 2015 5:23 am | Last updated: March 4, 2015 at 11:24 pm
SHARE

nsakthan-mla1തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തോട്് പൂര്‍ണമായി സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് പ്രതിപക്ഷം നിലപാട് അറിയിച്ചത്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ യോഗം വിളിച്ചത്. ഈ നിര്‍ദേശത്തോട് പ്രതിപക്ഷം യോജിക്കുകയാണ് ചെയ്തതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയും കെ എം മാണിയും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷത്തു നിന്ന് വി എസ് അച്യുതാനന്ദനും സി ദിവാകരനും മാത്രമാണ് പങ്കെടുത്തത്.
എന്നാല്‍, സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന പതിവ് യോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ പോലുള്ള നിലപാടുകള്‍ പ്രതിപക്ഷം ചര്‍ച്ച ചെയ്യാറില്ലെന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ പിന്നീട് പ്രതികരിച്ചു. യോഗം ഔപചാരികം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനപ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെ അനുഗമിക്കുന്നത് ഇത്തവണ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്നാകും. വെളളിയാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. തുടര്‍ന്ന് രണ്ടുദിവസം നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഏപ്രില്‍ ഒമ്പതുവരെയാണ് സമ്മേളനം. അതേസമയം, കൈക്കൂലിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട്് ഈ മാസം ഏഴിന് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് ജനകീയകൂട്ടായ്മ നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും മാണിയെ കുറ്റവിചാരണ ചെയ്യുന്ന ജനകീയ കൂട്ടായ്മ. ഈ കൂട്ടായ്മയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും പങ്കാളികളാകണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.