ഐ വി ദാസ് പുരസ്‌കാരം ഇടുക്കി കോലാനി ജനരഞ്ജിനി വായനശാലക്ക്

Posted on: March 5, 2015 2:20 am | Last updated: March 4, 2015 at 11:20 pm
SHARE

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ വി ദാസ് സ്മാരക പുരസ്‌കാരത്തിന് ഇടുക്കി കോലാനി ജനരഞ്ജിനി സ്മാരക വായനശാല അര്‍ഹമായി. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ കൈരളി ബുക്‌സിന്റെ സഹകരണത്തോടെ നല്‍കുന്ന 25,000 രൂപയുടെ പുസ്തകവും പ്രശസ്തി പത്രവും മൊമ്മെന്റോയുമാണ് പുരസ്‌കാരം. കണ്ണൂരില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.
1949 ല്‍ ആരംഭിച്ച വായനശാലയില്‍ 29362 പുസ്തകവും 1566 അംഗങ്ങളുമുണ്ട്. രാജാറാം മോഹന്‍ റായ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ലൈബ്രറി, റഫറന്‍സ് വിഭാഗം, വിവേകാനന്ദ വായനാകേന്ദ്രം, അയല്‍പക്ക പഠന കേന്ദ്രം, കാര്‍ഷിക രംഗത്തെ പരിശീലന കേന്ദ്രം, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, പി എസ് സി കോച്ചിംഗ് സെന്റര്‍, കായിക പരിശീലന കേന്ദ്രം, വനിതാ പുസ്തക വിതരണ പദ്ധതി തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തര പദ്ധതികളാണ് ലൈബ്രറി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പി എസ് ചന്ദ്രശേഖരന്‍ പ്രസിഡന്റും കെ ബി സുരേന്ദ്രനാഥ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഞായറാഴ്ച വൈകീട്ട് ആറിന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ എം എല്‍ എ പുരസ്‌കാരം വിതരണം ചെയ്യും.