തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന്‌

Posted on: March 5, 2015 5:15 am | Last updated: March 4, 2015 at 11:16 pm
SHARE

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളിച്ചാല്‍ കോണ്‍ഗ്രസിലെ എത്ര വലിയ നേതാവാണെങ്കിലും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തീവ്രവാദികളായ ചിലരുണ്ട്. ഇത്തരക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. പിന്നീട് നടപടിയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും പാര്‍ട്ടി ഭാരവാഹികളുടെയും കണ്‍വെന്‍ഷന്‍ ഡി സി സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ഭാരവാഹികളായ എന്‍ സുബ്രഹ്മണ്യന്‍, എ പി അനില്‍കുമാര്‍ എന്നിവരെ പേരെടുത്ത് പറഞ്ഞാണ് സുധീരന്‍ ഗ്രൂപ്പ് കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കെ സി അബു തന്ത്രശാലിയാണ്. എന്നാലും അബുവിനെപ്പോലെ ഐശ്വര്യമുള്ള ഒരാള്‍ക്ക് തന്നെ ആദ്യം ഷോക്കോസ് നല്‍കേണ്ടി വരും. അബുവിന്റെ ഇടത്തും വലത്തും ഗ്രൂപ്പിന്റെ ആശാന്മാര്‍ ഇരിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാകാം. ഇത് പണ്ട് മുതലേയുള്ളതാണ്. ആദ്യം പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടി ഉണ്ടെങ്കിലേ നമ്മള്‍ ഉള്ളൂവെന്നത് എല്ലാവരും മനസ്സിലാക്കണം. കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ളവര്‍ക്ക് ഗ്രൂപ്പതിപ്രസരത്തില്‍ താത്പര്യമില്ലെന്നും സുധീരന്‍ പറഞ്ഞു.