ഫലസ്തീന്‍ രാഷ്ട്രത്തെ ലോക രാജ്യങ്ങള്‍ അംഗീകരിക്കണമെന്ന് മഹ്മൂദ് അബ്ബാസ്‌

Posted on: March 5, 2015 2:10 am | Last updated: March 4, 2015 at 11:10 pm
SHARE

റാമല്ല: ഫലസ്തീന്‍ രാഷ്ട്രത്തെ ലോക രാഷ്ട്രങ്ങള്‍ അംഗീകരിക്കണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അതേസമയം, ഇസ്‌റാഈലുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസരമുണ്ടെന്നും ഫലസ്തീന്‍ ഇതില്‍ നിന്ന് ഒളിേച്ചോടില്‍ നിന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഫലസതീന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ചര്‍ച്ച. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമാകുന്നതില്‍ പ്രകോപിതരായി ഫലസ്തീനിനുള്ള നൂറ് മില്യണ്‍ യു എസ് ഡോളര്‍ നികുതി തടഞ്ഞുവെക്കുമെന്ന് നേരത്തെ ഇസ്‌റാഈല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ സഹകരണ കരാറിനെ കുറിച്ച് ഫലസ്തീന്‍ നേതാക്കള്‍ പുനരാലോചന നടത്തുന്നത്. സഹകരണം അവസാനിപ്പിക്കുകയാണെങ്കില്‍ വലിയ പ്രതിഫലനം ഇത് സൃഷ്ടിക്കുമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. 2014ല്‍ യു എസിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീണിരിക്കുകയാണ്. 1990ലെ ഒസ്‌ലോ ഉടമ്പടി പ്രകാരം നിലവില്‍ വന്നതായിരുന്നു ഇസ്‌റാഈല്‍- ഫലസ്തീന്‍ സുരക്ഷാ സഹകരണം. 1967 മുതല്‍ ഫലസ്തീനികളുടെ പ്രദേശത്ത് ഇസ്‌റാഈല്‍ അധിനിവേശം നടത്തുന്നുണ്ട്. സഹകരണ കരാര്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ ഹിബ്രൂണ്‍, ബെത്‌ലഹേം, നബ്‌ലൂസ്, ജനീന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അസ്വസ്ഥത കൂടുതലാകും. ഇവിടെ നിരന്തരം ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളാണ്. വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് ശേഷം ഇസ്‌റാഈലിന്റെ അധിനിവേശങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ സാധാരണയായി പ്രതിഷേധങ്ങള്‍ നടത്താറുമുണ്ട്.
കരാര്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണ് ഇതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് ഖൈ്വസ് അബൂ ലൈല ചൂണ്ടിക്കാട്ടി. ഇതുമാത്രമല്ല, ഇസ്‌റാഈലുമായുള്ള മുഴുവന്‍ ബന്ധങ്ങളെ കുറിച്ചും പുനരാലോചിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.