ഇറാനും യു എസും വീണ്ടും ചര്‍ച്ച

Posted on: March 5, 2015 5:08 am | Last updated: March 4, 2015 at 11:09 pm
SHARE

മോണ്‍ട്രക്‌സ്/സ്വിറ്റ്‌സര്‍ലന്‍ഡ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാനും അമേരിക്കയും ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഇറാനുമായി ആണവ കരാറിലെത്തുന്നത് വലിയ പിഴയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു രംഗത്തെത്തിയിരുന്നത്. ഈ ആവശ്യവുമായി അദ്ദേഹം യു എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസംഗപരിപാടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇറാനും വിട്ടുനിന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ മോണ്‍ട്രക്‌സിലാണ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജവാദ് ളരീഫും കൂടിക്കാഴ്ച നടത്തിയത്. മാര്‍ച്ച് അവസാനത്തോടെ ഒരു ആണവകരാറിലെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതേസമയം, പത്ത് വര്‍ഷത്തേക്ക് ഇറാന്‍ ആണവ പദ്ധതികള്‍ മരവിപ്പിക്കണമെന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ആവശ്യം ഇറാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഭീഷണിയുടെ സ്വരമാണ് ഒബാമയുടേതെന്നും അത് അസ്വീകാര്യമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
പുതുതായി രൂപംകൊടുക്കുന്ന കരാര്‍ ഇറാനെ ആണവായുധ നിര്‍മാണത്തിലേക്ക് എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം യു എസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇതിന് മറുപടിയുമായി ഒബാമ രംഗത്തെത്തി. നിലവിലെ കരാറില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഉചിതമായ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് ഒബാമ കുറ്റപ്പെടുത്തി.
തങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ അല്‍പകാലത്തേക്ക് ഇറാന്‍ ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കാമെന്ന രൂപത്തിലേക്കാണ് ഇപ്പോള്‍ കരാര്‍ തയ്യാറാക്കുന്നത്.