ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി; 238 യാത്രക്കാരുള്ള തുര്‍ക്കി വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: March 5, 2015 6:00 am | Last updated: March 4, 2015 at 11:08 pm
SHARE

കാഠ്മണ്ഡു: 238 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത തുര്‍ക്കി വിമാനം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ശക്തമായ മഞ്ഞില്‍ പെട്ട് റണ്‍വേയില്‍ നിന്നും വിമാനം സമീപത്തെ പുല്‍ തകിടിലേക്ക് തെന്നി നീങ്ങിയായിരുന്നു അപകടം. ഇസ്താംബൂളില്‍ നിന്നുള്ള എ 330 എന്ന യാത്രാ വിമാനമാണ് ത്രിബുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയത്. 227 യാത്രക്കാരും 11 ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു വെന്നും അവരെ മുഴുവന്‍ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തിയെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ രണ്ട് നേപ്പാള്‍ സ്വദേശികളും ഉണ്ടായിരുന്നു. പ്രാദേശിക സമയം രാവിലെ 7.40 നായിരുന്നു സംഭവം. കാഴ്ച വ്യക്തമാവാത്തത് കാരണം വിമാനം മുകളില്‍ നിന്ന് തന്നെ വലയം വെച്ചാണ് ഇറങ്ങിയത്. മോഷം കാലാവസ്ഥയും ദുര്‍ബലമായ കാഴ്ചക്കുറവുമാണ് അപകടത്തിന്റെ പ്രധാന കാരണമെന്നാണ് നിഗമനം. പക്ഷെ യഥാര്‍ഥ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിമാനത്താവള വക്താവ് പൂര്‍ണാ ചൗത് വ്യക്തമാക്കി. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്ത് നിസ്സാര കേടുപാടുകള്‍ സംഭവിച്ചു.