മത, സാമൂഹിക സ്പര്‍ധ കൂടുതല്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്‌

Posted on: March 5, 2015 5:00 am | Last updated: March 4, 2015 at 10:59 pm
SHARE

ന്യൂഡല്‍ഹി: മത, സാമൂഹിക സ്പര്‍ധ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് പഠന റിപ്പോര്‍ട്ട്. മതവിശ്വാസത്തിനും ആചാരങ്ങള്‍ക്കും കൂടുതല്‍ ഭരണപരമായ നിയന്ത്രണം കൂടുതലുള്ളത് ചൈനക്കാണ്. മതത്തിലെ ആഗോള നിയന്ത്രണത്ത സംബന്ധിച്ച പ്യൂ റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ലോകതലത്തില്‍ മതം ഉള്‍പ്പെടെയുള്ള സാമൂഹിക ശത്രുത കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കാല്‍ ഭാഗം ലോക രാഷ്ട്രങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന തലത്തിലുള്ള മത സാമൂഹിക സ്പര്‍ധയുണ്ട്. മത സ്വത്തുക്കള്‍ നശിപ്പിക്കുക, മരണത്തിനും അക്രമത്തിനും ഇടയാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവ ഇതുകാരണമായുണ്ടാകുന്നു. സര്‍ക്കാര്‍ നയം, സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, സാമൂഹിക സംഘങ്ങള്‍ തുടങ്ങിയവ മൂലം മതങ്ങളിലുണ്ടാകുന്ന നിയന്ത്രണങ്ങളില്‍ 39 ശതമാനം രാഷ്ട്രങ്ങളില്‍ വളരെ ഉയര്‍ന്ന തോതിലാണ്.
ലോകജനസംഖ്യയുടെ 77 ശതമാനം ഉള്‍ക്കെള്ളുന്ന ഇന്ത്യയിലും ചൈനയിലും മതങ്ങള്‍ക്കുള്ള നിയന്ത്രണം 2013ല്‍ 76 ശതമാനമായി ഉയര്‍ന്നു. 2012ല്‍ ഇത് 68 ശതമാനമായിരുന്നു. സാമൂഹിക സ്പര്‍ധ കൂടുതലുള്ള രാജ്യങ്ങള്‍ 2012ല്‍ 20 ആയിരുന്നത് 2013ല്‍ 17 ആയി കുറഞ്ഞു. ഇസ്‌റാഈല്‍, ഇന്ത്യ, പാക്കിസ്ഥാന്‍, ഫലസ്തീന്‍, നൈജീരിയ എന്നിവിടങ്ങളിലാണ് മത, സാമൂഹിക സ്പര്‍ധ കൂടുതലുള്ളത്.
ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നത് കുറഞ്ഞിട്ടുണ്ട്. 2012ല്‍ 16 രാഷ്ട്രങ്ങളായിരുന്നത് 2013ല്‍ ഒമ്പതായി. ബുദ്ധ മതക്കാര്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളില്‍ ഒന്ന് കുറഞ്ഞു. ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്. ജൂതന്‍മാരും തദ്ദേശ മതവിശ്വാസികളും പീഡിപ്പിക്കപ്പെടുന്ന കേസുകളും വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 25 രാഷ്ട്രങ്ങളില്‍ മ്യാന്‍മര്‍, ഈജിപ്ത്, ഇന്തോനേഷ്യ, പാക്കസ്ഥാന്‍, റഷ്യ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കൂടുതലുള്ളത്.