Connect with us

Articles

ശരിയാണ്, കാര്യങ്ങള്‍ ഇനി പഴയപടിയായിരിക്കില്ല

Published

|

Last Updated

ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഗതിവേഗം കൂടുന്ന നവഉദാരവത്കരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി അതിവേഗം സ്വകാര്യവത്കരിക്കാനുള്ള നടപടികളാണ് മോദി സര്‍ക്കാറിന്റെ പ്രഥമ സമ്പൂര്‍ണ റെയില്‍വേ ബജറ്റിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. 13 ലക്ഷത്തില്‍പരം ജീവനക്കാര്‍ നേരിട്ട് പണിയെടുക്കുന്ന ഇന്ത്യന്‍ റെയില്‍വെ ലോകത്തിലെ തന്നെ നാലാമത്തെ റെയില്‍വെ ശൃംഖലയാണ്. ഭൂമി ഉള്‍പ്പെടെ ബൃഹത്തായ മൂലധനാസ്തിയുള്ള റെയില്‍വേ, കൈയടക്കാന്‍ സ്വകാര്യ മൂലധനശക്തികള്‍ 1990കള്‍ മുതല്‍ നീക്കങ്ങളാരംഭിച്ചിരുന്നു. കോര്‍പ്പറേറ്റ് ലാഭക്കൊതിക്ക് പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിട്ടുകൊടുക്കുന്ന പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നയപരിപ്രേക്ഷ്യം തയ്യാറാക്കിയത് ലോക ബേങ്കായിരുന്നല്ലോ.
1985ല്‍ തന്നെ ലോകബേങ്ക് അവരുടെ രണ്ട്‌വിദഗ്ധന്‍മാരുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പൊതുമേഖലയെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഗാരിപേഴ്‌സണും റോബര്‍ട്ട് ജെ ആന്റേഴ്‌സനുമായിരുന്നു ലോകബേങ്ക് നിയോഗിച്ച കമ്മറ്റിക്ക് നേതൃത്വം കൊടുത്ത വിദഗ്ധന്മാര്‍. ഇന്ത്യയുടെ വ്യവസായ വാണിജ്യ മണ്ഡലങ്ങളെയാകെ ആഗോള ഫൈനാന്‍സ് മൂലധന താത്പര്യങ്ങള്‍ക്കനുസൃതമായി പുനര്‍ഘടന ചെയ്യാനുള്ള ശിപാര്‍ശകളാണ് ഈ കമ്മറ്റി മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ വ്യവസായ-സേവന ശൃംഖലകളെയാകെ സ്വകാര്യവത്കരിക്കാനുള്ള നിര്‍ദേശങ്ങളാണ് ആന്റേഴ്‌സണ്‍ മെമ്മോറാണ്ടം എന്ന് വിളിക്കുന്ന ലോകബേങ്കിന്റെ ഈ പഠനറിപ്പോര്‍ട്ടിലുണ്ടായിരുന്നത്. നെഹ്‌റുവിന്റെ കമാന്റ്‌സോഷ്യലിസത്തിനുപകരം കമ്പോളോന്മുഖമായ സാമ്പത്തിക നയത്തിന്റെയും വ്യവസായ നയത്തിന്റെയും അടിസ്ഥാനമായി നരസിംഹ റാവു സര്‍ക്കാര്‍ സ്വീകരിച്ചത് ആന്റേഴ്‌സണ്‍മെമ്മോറാണ്ടത്തെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബേങ്കിംങ് പരിഷ്‌കാരങ്ങള്‍ക്കായി നരസിംഹം കമ്മറ്റിയെയും ഇന്‍ഷ്വറന്‍സ് പരിഷ്‌കാരങ്ങള്‍ക്കായി മല്‍ഹോത്ര കമ്മറ്റിയെയും എഫ് സി ഐയുടെ പുനസംഘടനക്കായി ഭാനുപ്രതാപ് കമ്മറ്റിയെയും റെയില്‍വേയെ ഒരു സേവന ദാതാവെന്നനിലയില്‍ നിന്ന് ബിസിനസ് സ്ഥാപനമാക്കി മാറ്റാനായി രാകേഷ് മോഹന്‍ കമ്മറ്റിയെയും റാവു സര്‍ക്കാര്‍ നിയോഗിച്ചത്.
രാകേഷ് മോഹന്‍ കമ്മറ്റി മുതല്‍ സാംപെട്രോഡ കമ്മറ്റി വരെ റെയില്‍വേയുടെ സ്വാകാര്യവത്കരണം ലക്ഷ്യം വെച്ചുള്ള നവലിബറല്‍ പരിഷ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഒരു സേവന ദാതാവെന്ന നിലയില്‍ നിന്നും റെയില്‍വേയെ കഴുത്തറപ്പന്‍ വാണിജ്യ സംരംഭമാക്കി മാറ്റാനാണ് ലോകബേങ്കും നവലിബറല്‍ ഭരണകര്‍ത്താക്കളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റെയില്‍വേ തൊഴിലാളികളുടെയും ട്രേഡ്‌യൂനിയന്‍ സംഘടനകളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പ് മൂലം ആഗോളവത്കരണം ലക്ഷ്യം വെക്കുന്ന സമ്പൂര്‍ണമായ സ്വകാര്യവത്കരണത്തിലേക്ക് റെയില്‍വേയെ എത്തിക്കാന്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങളെ ഹിന്ദുത്വ വര്‍ഗീയ പാതയിലൂടെ അടിച്ചേല്‍പ്പിക്കാനാണ് മോദി സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ ലാഭമോഹങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രതിരോധ രംഗമുള്‍പ്പെടെ എല്ലാ തന്ത്രപ്രധാനമായ മേഖലകളും സേവനശൃംഖലകളും എറിഞ്ഞുകൊടുക്കാനാണ് അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ ബദ്ധപ്പെടുന്നത്. കോര്‍പ്പറേറ്റ് ഹിന്ദുത്വ അജന്‍ഡയുടെ ലക്ഷ്യം തന്നെ പൊതുമേഖലയെ തകര്‍ക്കുകയും സ്വകാര്യമൂലധന ശക്തികള്‍ക്ക് എല്ലാ മേഖലകളിലും നിരുപാധിക കടന്നുകയറ്റത്തിന് അവസരമൊരുക്കുകയും ചെയ്യുക എന്നതാണ്.
മോദിയുടെ കോര്‍പ്പറേറ്റ് ഹിന്ദുത്വ അജന്‍ഡയുടെ നയപ്രഖ്യാപനം പോലെയാണ് റെയില്‍വേമന്ത്രി സുരേഷ്പ്രഭു ബജറ്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരണത്തിനുള്ള ചൂളംവിളിയാണ് ബജറ്റ് നിര്‍ദേശങ്ങളിലുടനീളം മുഴങ്ങുന്നത്. 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യംവെച്ചുള്ള പരിഷ്‌കാരങ്ങള്‍ക്കാണ് സുരേഷ് പ്രഭു ബജറ്റ് നിര്‍ദേശങ്ങളിലൂടെ തുടക്കംകുറിക്കുന്നത്. ഭംഗിവാക്കു പോലെ ഇന്ത്യന്‍ റെയില്‍വേയെ ജനങ്ങളുടെ സ്വത്തായി തുടരുമെന്നുപറയുന്ന മന്ത്രി റെയില്‍വേയുടെ അടിസ്ഥാന സൗകര്യമേഖലകളെയാകെ സ്വകാര്യ മൂലധനശക്തികള്‍ക്ക് കൈയടക്കാനുള്ള നിര്‍ദേശങ്ങളാണ് വെച്ചിട്ടുള്ളത്. വിഭവസമാഹരണത്തിന് പി പി പിയും ബി ഒ ടിയുമാണ് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ച് വര്‍ഷംകൊണ്ട് സ്വകാര്യ പങ്കാളിത്തത്തോടെ എട്ടര ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റ് സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. പുതിയ തീവണ്ടികളോ പാതകളോ പ്രധാന പദ്ധതികളോ പ്രഖ്യാപിക്കാത്ത ബജറ്റ് ടെക്‌നോക്രാറ്റിക് വാചകമടിയിലൂടെ ജനങ്ങളെയാകെ കബളിപ്പിക്കുകയാണ്. നാല് ലക്ഷ്യങ്ങളും അഞ്ച് മാര്‍ഗങ്ങളും 11 ശ്രദ്ധാ മേഖലകളും പ്രഖ്യാപിച്ച സുരേഷ്പ്രഭു സമ്പൂര്‍ണമായ സ്വാകാര്യവത്കരണത്തിനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് ലക്ഷ്യങ്ങള്‍. വാക്കുകളുടെയും വാചകങ്ങളുടെയും അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞാല്‍ ഈ പ്രഖ്യാപനങ്ങളുടെ ആകെത്തുക സമ്പൂര്‍ണ സ്വാകാര്യവത്കരണമാണ്. തന്റെ ബജറ്റ് പ്രസംഗത്തിനിടയില്‍ റെയില്‍ സേവനം എന്ന വാക്ക് ഒരിടത്തും സുരേഷ്പ്രഭു പരാമര്‍ശിച്ചതേയില്ല. അതിനു പകരം റെയില്‍ ബിസിനസ്സ് എന്നാണദ്ദേഹം പ്രസംഗങ്ങളിലുടനീളം ഉപയോഗിച്ചത്. അതിന്റെ അര്‍ഥം റെയില്‍വേയുടെ സാമൂഹിക ലക്ഷ്യങ്ങളെയാകെ കൈയൊഴിഞ്ഞ് കടുത്ത കച്ചവടതാത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ്‌വത്കരണത്തിനും ഇന്ത്യന്‍ റെയില്‍വേയെ വിട്ടുകൊടുക്കുകയാണെന്നാണ്. പൊതുമേഖലയില്‍ നിന്നും സേവനമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുക എന്നതാണ് നിയോലിബറല്‍ പരിഷ്‌കാരങ്ങളുടെ ലക്ഷ്യവും മാര്‍ഗവും. അഞ്ച് വര്‍ഷം കൊണ്ട് എട്ടര ലക്ഷം കോടി നിക്ഷേപം ലക്ഷ്യമിടുന്ന മന്ത്രി, റെയില്‍വേയും കേന്ദ്ര സര്‍ക്കാറും പണം മുടക്കില്ലെന്ന് അസന്ദിഗ്ധമായിതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്. “കാര്യങ്ങള്‍ ഇനി പഴയപടിയായിരിക്കില്ല” എന്ന മന്ത്രിയുടെ പ്രഖ്യാപനം പൊതുമേഖലയെ കൈയൊഴിക്കുന്ന ഒരു നിയോലിബറല്‍ വാദിയുടെ മുന്നറിയിപ്പ് തന്നെയാണ്.
കോര്‍പ്പറേറ്റുകളെയും സര്‍ക്കാറിതര സംഘടനകളെയും തദ്ദേശസ്ഥാപനങ്ങളെയും സംസ്ഥാന സര്‍ക്കാറുകളെയും പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് ഫണ്ടുകളെയുമാണ് നിക്ഷേപത്തിനായി ബജറ്റ് ആശ്രയിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റെയില്‍വേ വികസനത്തില്‍ എങ്ങനെയാണ് പണം മുടക്കാനാകുക? സര്‍ക്കാറിതര സംഘടനകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്റ്റേഷനുകളിലെ സേവനം മെച്ചപ്പെടുത്തുന്നതുപോലുള്ള കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യുന്നതിനപ്പുറം ഒരു പങ്കും വഹിക്കാനാകില്ല. അതിന്റെ അര്‍ഥം റെയില്‍വേയാകെ കോര്‍പ്പറേറ്റുകള്‍ കൈയടക്കുമെന്നാണ്. വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പുതിയ പാതകളുടെ സ്ഥാപനം, കാറ്ററിംഗ്, വിദേശ റെയില്‍ സാങ്കേതികസഹകരണം, ഭൂമിയേറ്റെടുക്കല്‍, റെയില്‍ പദ്ധതികളുടെ മേല്‍നോട്ടം, തുറമുഖങ്ങളെയും ഖനികളെയും ബന്ധിപ്പിക്കുന്ന റെയില്‍പാതകള്‍ തുടങ്ങി പ്രധാന അന്തര്‍ഘടനാ മേഖലകളിലെല്ലാം പി പി പി സംരംഭങ്ങള്‍ വഴി കോര്‍പ്പറേറ്റുകളുടെ ആധിപത്യമാണ് ഉറപ്പാക്കുന്നത്. റെയില്‍വെയുടെ വികസനം സമ്പൂര്‍ണമായി കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള വഞ്ചനാപരമായ നിര്‍ദേശങ്ങളാണ് ബജറ്റിലാകെ ഒളിഞ്ഞുകിടക്കുന്നത്. കോര്‍പ്പറേറ്റ് മാതൃകയില്‍ റെയില്‍വേയെ പുനര്‍ഘടന ചെയ്യാനുള്ള നയനിര്‍ദേശങ്ങളാണ് ബജറ്റിന്റെ അന്തര്‍ധാര എന്നതാണ് യാഥാര്‍ഥ്യം.
മൊത്തം പദ്ധതി അടങ്കല്‍ 2014-15നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ബജറ്റില്‍ 52 ശതമാനം വര്‍ധിപ്പിച്ചുണ്ട്. 2014-15-ല്‍ 65,798 കോടി രൂപയായിരുന്നു പദ്ധതി അടങ്കലെങ്കില്‍ ഈ വര്‍ഷം ഇത് 1,00,011 കോടിയായിട്ടുണ്ട്. ഇതില്‍ 41.6 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 17.8 ശതമാനം റെയില്‍വേയുടെ തനതുവരുമാനവും. ബാക്കിതുക കണ്ടെത്താന്‍ റെയില്‍വേ ബോര്‍ഡില്‍ ധന സെല്‍ രൂപവത്കരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. അതിന്റെ അര്‍ഥം ബജറ്റ് അടങ്കലില്‍ തന്നെയുള്ള വരുമാന കമ്മി നികത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി വെട്ടിച്ചുരുക്കണം. അല്ലെങ്കില നിരക്കുവര്‍ധന അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അതല്ലെങ്കില്‍ ഇതര പങ്കാളികളില്‍ നിന്ന് വരുമാനം കണ്ടെത്തണം. ഇങ്ങനെയൊക്കെയാണ് സുരേഷ്പ്രഭു റെയില്‍വേ വികസനത്തില്‍ കോര്‍പ്പറേറ്റുകളുടെ വരവിനുള്ള വഴി തുറന്നുകൊടുത്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്ത 65,445 കോടിരൂപയുടെ പദ്ധതി പുതുക്കിയ കണക്കുപ്രകാരം 65,798 കോടിയായി. അതായത് 353 കോടി രൂപ നിരക്കുവര്‍ധനവു വഴിയും വായ്പാവിപണിയെ ആശ്രയിച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്.
നിയോലിബറല്‍ നയങ്ങള്‍ റെയില്‍വേയെ കൈയൊഴിയുന്നതിലേക്കാണ് സര്‍ക്കാറിനെ എത്തിച്ചുകൊണ്ടിരിക്കുന്നത്. റെയില്‍വേയില്‍ ലക്ഷക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അനില്‍ കോഡേക്കര്‍ കമ്മറ്റി ഉള്‍പ്പെടെ റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും അപകടങ്ങള്‍ക്ക് കാരണം വേണ്ടത്ര ജീവനക്കാരില്ലാത്തതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരേഷ്പ്രഭുവിന്റെ ബജറ്റില്‍ ഒഴിവ് നികത്താന്‍ നിര്‍ദേശങ്ങളില്ല. ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്ന് തൊഴില്‍ വൈദഗ്ധ്യം ഉയര്‍ത്താന്‍ യോഗ പരിശീലനം നല്‍കുമെന്നതുപോലുള്ള പരിഹാസ്യമായ നിര്‍ദേശങ്ങളാണ് ബജറ്റിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ധന വിലക്കുറവ് മൂലം 17,000 കോടി രൂപയുടെ ലാഭമുണ്ട് റെയില്‍വെക്ക് എന്നാല്‍ എണ്ണ വിലക്കുറവിനാനുപാതികമായി ചാര്‍ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചരക്കുകൂലി 10 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ അതിവേഗപാതയിലൂടെ ഇന്ത്യയില്‍ ഏറ്റവും വലിയ പൊതമേഖലാ സ്ഥാപനമായ റെയില്‍വേയെ സ്വകാര്യവത്കരിക്കുകയാണെന്നതിന്റെ സാക്ഷ്യപത്രമായിക്കഴിഞ്ഞിരിക്കുന്നു സുരേഷ്പ്രഭുവിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍.

 

Latest