ചന്ദ്രബോസ് വധക്കേസ്: നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടെന്ന് പി സി ജോര്‍ജ്‌

Posted on: March 4, 2015 11:46 pm | Last updated: March 6, 2015 at 9:16 am
SHARE

pc georgeതിരുവനന്തപുരം: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ശ്രമിച്ചെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണം. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ ജോര്‍ജ്, ഇത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുമെന്നും അറിയിച്ചു. പി സി ജോര്‍ജിന്റെ ആരോപണം വന്നതിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച് ഡി ജി പി ബാലസുബ്രഹ്മണ്യം വിശദീകരണം നല്‍കി. സര്‍ക്കാറിലെ ഉന്നത പദവിയിലിരിക്കുന്ന വ്യക്തി പരസ്യമായി തനിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ ഡി ജി പി അതൃപ്തി അറിയിച്ചു. ഇതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജിന്റെ വാദങ്ങള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. ഡി ജി പിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതിയായ മുഹമ്മദ് നിസാമിന്റെ ഭാര്യയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം പോലും മറികടന്നാണ് നിസാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജോര്‍ജിന്റെ ആരോപണം. തെളിവ് കൈമാറിയ ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തകര്‍ക്കു കൈമാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇന്നലെ രാത്രി ക്ലിഫ് ഹൗസിലെത്തിയ ജോര്‍ജ്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍, ഡി ജി പി നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാറിന് പൂര്‍ണതൃപ്തിയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ഒരു നടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഡി ജി പി വിശദീകരണം നല്‍കിയത്.
സര്‍ക്കാര്‍ അത് പൂര്‍ണമായും വിശ്വസിക്കുന്നു. മറിച്ച്, തെളിയിക്കാന്‍ ജോര്‍ജിന് തെളിവ് എന്തെങ്കിലുമുണ്ടെങ്കില്‍ അദ്ദേഹം അത് കൈമാറുമ്പോള്‍ പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡി ജി പി തൃശൂരില്‍ പോകുന്നുവെന്ന വിവരം താനാണ് പത്രസമ്മേളനത്തിലൂടെ പറഞ്ഞത്. ഇത് പ്രമാദമായ ഒരു കേസാണ്. നോര്‍ത്ത് സോണ്‍ എ ഡി ജി പി ശങ്കര്‍ റെഡ്ഢി ഈ കേസ് അന്വേഷിക്കുന്നുണ്ട്.
കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തത് നടപടിക്രമങ്ങളുടെ ഭാഗമായാണ്. ഐ ജി അന്വേഷിച്ച് എ ഡി ജി പിക്ക് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയോടെയാണ് തന്റെയടുത്ത് വന്നത്. ഈ കേസില്‍ പരമാവധി ശിക്ഷ പ്രതിക്ക് വാങ്ങിക്കൊടുക്കുകയെന്നത് സര്‍ക്കാറിന്റെ ചുമതലയാണ്.
ചന്ദ്രബോസിന്റെ വസ്ത്രം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം പൊലീസിനല്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആശുപത്രിയാണ് അത് ചെയ്യേണ്ടത്. അപ്പോള്‍ തന്നെ അത് പൊലീസ് അവരെ അറിയിച്ചിട്ടുള്ളതാണ്. കാപ്പാ ചുമത്താന്‍ താമസിച്ചുവെന്ന നിലയില്‍ വെറുതെ കഥകള്‍ പ്രചരിപ്പിക്കുകയാണ്.
കാപ്പാ എന്ന് പറയുന്നത് കരുതല്‍ തടങ്കലാണ്. ഇപ്പോള്‍ തന്നെ ഈ കേസിലെ പ്രതി കരുതല്‍ തടങ്കലിലാണ്. തടങ്കലില്‍ നിന്ന് ജാമ്യം കിട്ടുമ്പോള്‍ മാത്രമേ കാപ്പാ നിലവില്‍ വരികയുള്ളൂ. വസ്തുതകളാണ് അന്വേഷിക്കേണ്ടത്. കാപ്പാ ചുമത്താന്‍ ചില നടപടിക്രമങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ അതില്‍ തീരുമാനമെടുക്കും. കോടതി ജാമ്യം കൊടുത്താല്‍ അപ്പോള്‍ തന്നെ കാപ്പാ നിലവില്‍ വരും. നിയമപരമായാണ് എല്ലാ കാര്യങ്ങളും പോലീസും സര്‍ക്കാറും ചെയ്യുന്നത്.
ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഈ കേസില്‍ ഇടപെട്ടുവെന്നത് സംബന്ധിച്ച് ചീഫ് വിപ്പിന് തെളിവുണ്ടെങ്കില്‍ അത് അന്വേഷണ സംഘത്തിന് നല്‍കട്ടെ. വാര്‍ത്ത വന്നപ്പോള്‍ തന്നെ നിരപരാധിത്വം തെളിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഡി ജി പി ല്‍കിയതായും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.