Connect with us

National

ഹസാരെക്ക് കാനഡയില്‍ നിന്ന് വധഭീഷണി

Published

|

Last Updated

താനെ: ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്ന അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍ അന്നാ ഹസാരെക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി. ഹസാരെയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി കല്യാണ്‍ സ്വദേശിയായ അശോക് ഗൗതം എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി സന്ദേശമെത്തുകയാണ്. തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാനഡയിലുള്ള അഗന്‍ വിധു, സുഹൃത്ത് നീല്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെത്തി ഹസാരെയെ വെടിവെക്കുമെന്നാണ് ഇവര്‍ ഭീഷണി മുഴക്കിയത്. സന്ദേശമെത്തിയ ഐ പി അഡ്രസ് പോലീസ് അന്വേഷിക്കുകയാണ്. സൈബല്‍ സെല്ലിന്റെ സഹായത്തോടെ വിശദ അന്വേഷണം നടക്കുന്നു. ഇരുവര്‍ക്കുമെതിരെ ഐ ടി നിയമത്തിലെ 66 എ, ഇന്ത്യന്‍ ശിക്ഷാ നിയമം 506(2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷകവിരുദ്ധ ബില്ലിനെതിരെ 1100 കിലോ മീറ്റര്‍ പദയാത്രക്ക് ഹസാരെ പദ്ധതിയിടുന്നുണ്ട്. മൂന്ന് മാസം കൊണ്ട് പദയാത്ര പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. വര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്തേക്കാണ് യാത്ര. യു പി എ സര്‍ക്കാറിന്റെ കാലത്ത് ലോക്പാല്‍ സമരം നയിച്ച് ദേശീയ അഴിമതിവിരുദ്ധ പ്രതീകമായ ഹസാരെ, മൂന്ന് വര്‍ഷത്തിന് ശേഷമാണ് സജീവ പ്രക്ഷോഭണത്തിലേക്ക് ഇറങ്ങുന്നത്. ഹസാരെയുടെ സമരങ്ങള്‍ യു പി എക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഹസാരെ സമരത്തിനിറങ്ങുന്നത് എന്‍ ഡി എ സര്‍ക്കാറിന് വലിയ ക്ഷീണമാണുണ്ടാക്കുക.

Latest