Connect with us

Gulf

ദുബൈ ഫ്രെയിം പരിസ്ഥിതി സൗഹൃദമാക്കാന്‍ സൗരോര്‍ജ ടൈലുകള്‍

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ദുബൈ ഫ്രെയിം, പരിസ്ഥിതി സൗഹൃദമാക്കാന്‍ സൗരോര്‍ജ ടൈലുകള്‍ ഉപയോഗിക്കും. 150 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ദുബൈ ഫ്രെയിം നഗരത്തെ കാണാനുള്ള കണ്ണാടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തിയാവുന്നതോടെ നഗരത്തിലെ പ്രധാന വിനോസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം ഇതും എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
വാതിലിന്റെ മാതൃകയിലാണ് നിരീക്ഷണ ഗോപുരമായ ദുബൈ ഫ്രെയിം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ മുഖപ്പ് മുഴുവനായും സ്വര്‍ണം പൂശിയാണ് നിര്‍മിക്കുന്നതെന്നത് ഇപ്പോഴെ ഇത് നഗരത്തില്‍ സംസാര വിഷയമാവാന്‍ ഇടയാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് ഇലക്ട്രിസിറ്റി എക്‌സ്ബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രീന്‍ എനര്‍ജി മിഡില്‍ ഈസ്റ്റ് കോണ്‍ഫ്രന്‍സിലാണ് ദുബൈ നഗരസഭ എഞ്ചിനിയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയ് ദുബൈ ഫ്രെയിമിന്റെ പുറം ഭിത്തികള്‍ പൂര്‍ണമായും സൗരോര്‍ജ ടൈലുകളാലായിരിക്കുമെന്ന് വ്യക്തമാക്കിയത്. ഇതോടെ ദുബൈ ഫ്രെയിമിന് ആവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും പരിസ്ഥിതി സൗഹൃദമായ സൗരോര്‍ജത്തില്‍ നിന്നു ലഭിക്കും.
സബീല്‍ പാര്‍ക്കിന്റെ നാലാമത്തെ ഗേറ്റിന് സമീപത്താണ് 100 മീറ്റര്‍ വിസ്തൃതിയില്‍ ദുബൈ ഫ്രെയിം നിര്‍മിക്കുന്നത്. ദുബൈയുടെ ആധുനിക മുഖവും പൗരാണിക മുഖവും ഒരേ സമയം കാണാവുന്ന കെട്ടിടത്തിലേക്ക് പ്രതിവര്‍ഷം 20 ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്.