Connect with us

Gulf

വാഹനാപകടമരണ നഷ്ടപരിഹാരം; കീഴ്‌കോടതി വിധി ശരിവെച്ചു

Published

|

Last Updated

റാസല്‍ ഖൈമ: ഒരേ വാഹനാപകടത്തില്‍ മരണപ്പെട്ട അയല്‍വാസികളായ യുവാക്കളുടെ ആശ്രിതര്‍ക്ക് പ്രാഥമിക കോടതി വിധിച്ച നഷ്ടപരിഹാരത്തുക ദുബൈ അപ്പീല്‍ കോടതി ശരിവച്ചു.
റാസല്‍ ഖൈമയില്‍ 2012 ആഗസ്‌ററ്റ് 22നാണ് കേസിനാസ്പദമായ അപകടം. കുലശേഖരപുരം സ്വദേശികളാണ് മരിച്ചത്. ആദിനാട് തെക്ക് തയ്യില്‍ തെക്കതില്‍ അബ്ദുല്‍ ബഷീറിന്റെ കുടുംബത്തിന് മൂന്നു ലക്ഷം ദിര്‍ഹം ഒമ്പത് ശതമാനം പലിശയടക്കം നല്‍കാനും, വെളുത്തേരിവീട്ടില്‍ ഷമീര്‍ ഇസ്മാഈലിന്റെ കുടുംബത്തിന് 3.2 ലക്ഷം ദിര്‍ഹം പരിശയടക്കം നല്‍കാനുമാണ് ദുബൈ അപ്പീല്‍ കോടതി എതിര്‍ കക്ഷിയായ സഖര്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധികല്‍പിച്ചത്.
17 വര്‍ഷമായി റാസല്‍ ഖൈമയില്‍ ഒരു ചെറിയ സ്ഥാപനം നടത്തിവരികയായിരുന്നു ബഷീര്‍. താന്‍ പുതുതായി ആരംഭിച്ച മൊബൈല്‍ ഷോപ്പിലേക്ക് ജോലിക്കായി കൊണ്ടുവന്ന അയല്‍ക്കാരായ യുവാക്കളോടൊപ്പം മൊബൈല്‍ ഷോപ്പിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി റാസല്‍ ഖൈമയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ മധ്യേയാണ് മൂവരുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.
അപകടം നടന്നതിന് രണ്ടു ദിവസം മുമ്പ് മാത്രം നാട്ടില്‍ നിന്ന് വന്ന ഹാഷിമും, സമീറുമാണ് ബഷീറിനോടൊപ്പം തല്‍സമയം മരണപ്പെട്ടത്. സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം ബഷീറിന്റെ വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. യു എ ഇ പൗരന്‍ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് അഭിഭാഷകന്‍ വാദിച്ചു. നാട്ടുകാരനും ബഷീറിന്റെ ബന്ധുവുമായ മുഹമ്മദ് സാലിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സഹായങ്ങള്‍ ചെയ്തത്.
ചോരപ്പണം (ദിയാധനം) കെട്ടിവെച്ചിട്ടില്ലാത്ത ഈ കേസില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്യാനുള്ള വക്കാലത്ത് മരണപ്പെട്ടവരുടെ അവകാശികള്‍ ദുബൈയിലെ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് നല്‍കുകയായിരുന്നു.

Latest