Connect with us

Gulf

പുതിയ നിയമം വിപണിക്ക് ദോഷകരമെന്ന് മത്സ്യത്തൊഴിലാളികള്‍

Published

|

Last Updated

ഫുജൈറ: മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പെടുത്തിയുള്ള പുതിയ നിയമങ്ങള്‍ മത്സ്യബന്ധന മേഖലക്ക് ദോഷകരമാണെന്ന് മത്സ്യത്തൊഴിലാളികള്‍. നിയമം കര്‍ശനമാക്കിയതോടെ മുമ്പത്തെ പോലെ കൂടിയ തോതില്‍ മത്സ്യം പിടിക്കാന്‍ സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ഖലീഫ ഹസ്സന്‍(42) വ്യക്തമാക്കി. തദ്ദേശീയമായ കമ്പോളങ്ങളെ ഇത് ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നു. ഇതിന്റെ പരിണത ഫലമായി മത്സ്യമാര്‍ക്കറ്റുകളില്‍ ഒമാനില്‍ നിന്നുള്ള മത്സ്യങ്ങള്‍ മാത്രമായിരിക്കയാണ്. അവിടെ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് യു എ ഇ കമ്പോളത്തിലും മേല്‍കൈ ലഭിച്ചിരിക്കയാണെന്നും ഖലീഫ പറഞ്ഞു.
കമ്പോളത്തിലുള്ള കച്ചവടക്കാര്‍ ലഭിക്കുന്ന മത്സ്യത്തിന് തുച്ഛമായ വിലയാണ് നല്‍കുന്നതെന്ന് മറ്റൊരു മത്സ്യത്തൊഴിലാളിയായ മുഹമ്മദ് അലി(31) പറഞ്ഞു. ഈ മത്സ്യം വളരെ ഉയര്‍ന്ന വിലക്കാണ് ഇവര്‍ വില്‍പന നടത്തുന്നത്. മാസത്തിന്റെ ആദ്യ ആഴ്ചകളിലും വിശേഷ ദിവസങ്ങളിലുമാണ് മത്സ്യത്തിന് കൂടുതല്‍ ആവശ്യക്കാരുണ്ടാവുന്നത്. ഈ ദിവസങ്ങളില്‍ നിയമത്തിന് അകത്തു നിന്ന് പരമാവധി മത്സ്യം എത്തിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ലഭിക്കുന്ന വില തുച്ഛമാണ്. ഫുജൈറയിലെ കടലില്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കാനായി കഴിഞ്ഞ നാലു വര്‍ഷത്തില്‍ അധികമായി ജലപരിസ്ഥിതി മന്ത്രാലയം കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ചില വലകളുടെ ഉപയോഗം നിരോധിക്കലും മത്സ്യം പിടിക്കുന്ന സമയം കുറക്കലും ചില പ്രത്യേക തദ്ദേശീയ മാതൃകയിലുള്ള മത്സ്യബന്ധന രീതി നിരോധിക്കലുമെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പെടും. അമിതമായി വില വര്‍ധിക്കുന്നതില്‍ ചില്ലറ കച്ചവടക്കാരും ആശങ്കയിലാണ്. വില നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം സര്‍ക്കാരിന് കീഴില്‍വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും മുഹമ്മദ്.
സാധാരണ നിലയില്‍ 35 ദിര്‍ഹത്തിന് ഒരു കിലോ അയക്കൂറ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 50 ദിര്‍ഹമായി ഉയര്‍ന്നിരിക്കയാണെന്ന് ഉപഭോക്താവായ ജാസിം മുഹമ്മദ്(35) പറഞ്ഞു. ഏഷ്യക്കാരാണ് വിപണി നിയന്ത്രിക്കുന്നത്. മാര്‍ക്കറ്റില്‍ മത്സ്യ വില പ്രദര്‍ശിപ്പിക്കാന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അവിടെ വില എഴുതി കണ്ടിട്ടില്ല. സര്‍ക്കാര്‍ മാര്‍ക്കറ്റ് നിരീക്ഷിക്കുകയും ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുകയും വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.