പാസ്പോര്‍ട്ടിലെ നൂലാമാലകള്‍

Posted on: March 4, 2015 7:13 pm | Last updated: March 4, 2015 at 7:13 pm
SHARE

passport-indiaസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട രേഖയാണ് പാസ്‌പോര്‍ട്ട്. ചിലര്‍, വിസ സ്റ്റാമ്പു ചെയ്തു കഴിഞ്ഞാല്‍ യാതൊരു സുരക്ഷിതത്വവുമില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കുക. മറ്റു ചിലര്‍ വായ്പ വാങ്ങാന്‍ ഈടായി നല്‍കും. ഇതെല്ലാം അപകടകരമാണ്.
യു എ ഇയില്‍ നിന്ന് കമ്പനി ആവശ്യാര്‍ഥം ഇറാഖില്‍ പോയ ഒരു മലയാളി, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ മാസങ്ങളോളം അവിടെ കുടുങ്ങി. പാന്റ്‌സിന്റെ കീശയിലാണ് പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. ഓര്‍മയില്ലാതെ, പാന്റ്‌സ് അലക്കു യന്ത്രത്തിലിട്ടപ്പോള്‍ പാസ്‌പോര്‍ട്ട് മാലിന്യക്കുഴലിലേക്ക് പോയി. പാമ്പുകടിയേറ്റവന്റെ തലയില്‍ തേങ്ങ വീണത് പോലെ, ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണം ആ മേഖലയില്‍ ശക്തമായി. പുതിയ പാസ്‌പോര്‍ട്ടോ താത്കാലിക യാത്രാരേഖയോ ലഭിക്കണമെങ്കില്‍ ബഗ്ദാദില്‍ പോകണം. അതിനും സാധ്യതയില്ലാതായി. മാസങ്ങളോളം ഭയന്നു വിറച്ചാണ് ഇയാള്‍ കഴിഞ്ഞത്.
മറ്റൊന്ന്, കഥയാണോ യാഥാര്‍ഥ്യമാണോയെന്ന് വ്യക്തമല്ല. വിസ സ്റ്റാമ്പ് ചെയ്ത ശേഷം പാസ്‌പോര്‍ട്ട് തലയിണക്കടിയില്‍ വെച്ചതായിരുന്നു. ബാച്ചിലര്‍മാര്‍ താമസിക്കുന്ന മുറിയാണ്. ഒരു മാസം കഴിഞ്ഞുനോക്കിയപ്പോള്‍, ആ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആരൊക്കെയോ നാട്ടില്‍ പോയി വന്ന സ്റ്റാമ്പുകളാണ് പേജുകള്‍ നിറയെ. വായ്പ വാങ്ങാന്‍ പിഞ്ചുകുഞ്ഞിന്റെയടക്കം പാസ്‌പോര്‍ട്ട് പണയം വെച്ച കുടുംബം നാലു വര്‍ഷമായി ദുരിതത്തിലാണ്. ചെക്കുകള്‍ മടങ്ങിയതിനാല്‍ കുടുംബനാഥന്‍ ജയിലിലായതാണ് കാരണം.
ഈയിടെ, നാട്ടില്‍ എമിഗ്രേഷന്‍ പരിശോധന ശക്തമാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുടെ പാസ്‌പോര്‍ട്ടാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് എത്ര പരിശോധിച്ചാലും മതിവരില്ല. പേരിന്റെ ഏതെങ്കിലും അക്ഷരം ഒന്നുവളഞ്ഞു പോയിട്ടുണ്ടെങ്കില്‍ പോലും അനേകം ചോദ്യങ്ങള്‍ അഭിമുഖീകരിക്കണം. ഇയാള്‍ പാക്കിസ്ഥാനിലോ ഇറാനിലോ സഞ്ചരിച്ചയാളാണെങ്കില്‍പെട്ടുപോയതു തന്നെ. ഗള്‍ഫില്‍ നിന്ന് വിസമാറ്റത്തിനോ ഓഫീസ് ആവശ്യത്തിനോ ഇറാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ നിരവധിയാണെന്ന് ചൂണ്ടിക്കാട്ടിയാലും രക്ഷയില്ല.
പാക്കിസ്ഥാനികളുമായും ഇറാനികളുമായും സൗഹൃദത്തിന്റെ പേരില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരുമുണ്ട്. ആ രാജ്യങ്ങളിലെ ഏതെങ്കിലും വിമാനത്താവളത്തിന്റെ സ്റ്റാമ്പ് പാസ്‌പോര്‍ട്ടിലുണ്ടെങ്കില്‍ ഭീകരവാദിയോടെന്ന പോലെയാണ് നാട്ടിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് അനുഭവസ്ഥര്‍. ജയ്ഹിന്ദ് എന്ന് നാഴികക്ക് നാല്‍പതുവട്ടം പറയുന്ന കോണ്‍ഗ്രസാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പോലും രക്ഷയില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, യു എ ഇയില്‍ നിന്ന് കരിപ്പൂരിലേക്ക് പോയ ആളുകളുടെ വീടുകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയുണ്ടായി. കേരളത്തിലെ ആഭ്യന്തര മന്ത്രിയോട് വിളിച്ചു പറഞ്ഞിട്ടുപോലും ഫലമുണ്ടായില്ലെന്ന് സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തി. വീടൊക്കെ അരിച്ചുപെറുക്കിയാണത്രെ ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
വിനോദ സഞ്ചാര വികസനത്തിന് ഒരു ഭാഗത്ത് ചുകപ്പു പരവതാനി വിരിക്കുകയും 150 ഓളം രാജ്യക്കാര്‍ക്ക് അതിവേഗം സന്ദര്‍ശക വിസ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറയുകയും ചെയ്ത സാഹചര്യമൊന്നും ഉദ്യോഗസ്ഥര്‍ക്ക് അറിയണ്ട. ഒരു വിദേശിയെയും കൂട്ടി നാട്ടിലെത്തിയാല്‍ എത്ര രഹസ്യാന്വേഷണത്തിന് വിധേയമാകണമെന്ന് അനുഭവസ്ഥര്‍ പറയും. ലോകം ആഗോള ഗ്രാമമായ കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയാഞ്ഞിട്ടല്ല. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുകയാണ്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയാണ്.
കണ്ണൂര്‍, കാസര്‍കോട് ഭാഗത്തുള്ളവരെ മംഗലാപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നതെന്ന് പരാതിയുണ്ട്. പാസ്‌പോര്‍ട്ടിലെ വിലാസം നോക്കിയാണ് വിചാരണ. കോഴിക്കോട് വിമാനത്താവളമിരിക്കെ എന്തിനാണ് മംഗലാപുരത്തെത്തിയത് എന്നതുപോലുള്ള ബാലിശ ചോദ്യങ്ങള്‍ ഉന്നയിക്കും. ഇന്ത്യയില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും പോകാന്‍ ഇന്ത്യക്കാരന് അവകാശമില്ലേ? ചങ്ക് പറിച്ചു കൊടുത്താലും ചെമ്പരത്തി എന്ന് പറയുന്നവരെ എങ്ങിനെയാണ് രാജ്യസ്‌നേഹം ബോധ്യപ്പെടുത്തുക?