എക്‌സ്‌പോ: ചിത്ര ഗോപുരം ഉയര്‍ന്നു

Posted on: March 4, 2015 6:55 pm | Last updated: March 4, 2015 at 6:55 pm
SHARE

Satelliteഅബുദാബി: മസ്ദാര്‍ സിറ്റിയില്‍ എക്‌സ്‌പോ 2020 ദുബൈയെ പ്രതീകവത്കരിച്ചുകൊണ്ടുള്ള ചിത്ര ഗോപുരം സ്ഥാപിച്ചു. അബുദാബിയില്‍ സ്ഥാപിക്കുന്ന മൂന്ന് ശില്‍പങ്ങളിലൊന്നാണ് മസ്ദാറില്‍ സ്ഥാനംപിടിച്ചത്.
ഫിന്‍ലന്‍ഡ് വംശജയായ കുസ്ത സാക്‌സിയുടേതാണ് ശില്‍പം. ആറു മീറ്റര്‍ ഉയരമുള്ള ശില്‍പഗോപുരത്തില്‍ വൈഫൈ സൗകര്യം ലഭ്യമാണ്. ശില്‍പത്തില്‍ സ്ഥാപിച്ച സ്‌ക്രീനുകളില്‍ എക്‌സ്‌പോയുടെ ആശയങ്ങളായ സുസ്ഥിരത, ചലനം, അവസരം എന്നീ ആശയങ്ങള്‍ വിശദമാക്കുന്നുണ്ട്. 4ജി നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച ഗോപുരത്തിലെ സ്‌ക്രീനില്‍ നിന്ന് എക്‌സ്‌പോ 2020 ദുബൈ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാകും. മാത്രമല്ല, എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന പവലിയനുകളെക്കുറിച്ചും പ്രദര്‍ശിപ്പിക്കപ്പെടുന്ന നവീനാശയങ്ങളെക്കുറിച്ചും അറിയാനാകും. സന്ദര്‍ശകര്‍ക്ക് ആശയവിനിമയത്തിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്. 22 വരെ ശില്‍പം മസ്ദാര്‍ സിറ്റിയില്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
മൊത്തം 21 ശില്‍പികളാണ് എക്‌സ്‌പോ ദുബൈയിക്കുവേണ്ടി ശില്‍പങ്ങള്‍ പണിയുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന ശില്‍പങ്ങള്‍ 22ന് നടക്കുന്ന ചടങ്ങില്‍ ഒരുമിപ്പിക്കും. മസ്ദാര്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍, സി ഇ ഒ ഡോ. അഹ്മദ് ബെല്‍ഹൂല്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം മസ്ദാര്‍ ജീവനക്കാരും സ്ഥാപനത്തിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.