Connect with us

Gulf

സിഗ്നലുകളില്‍ ക്യാമറകള്‍ വര്‍ധിപ്പിക്കും

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഗതാഗത നിയമലംഘനം പിടികൂടാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ 20 ശതമാനം ക്യാമറകള്‍ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുറം പാതകളിലും ഇന്റര്‍ചേഞ്ചുകളിലും 84 ക്യാമറകള്‍ സ്ഥാപിക്കും.
നൂതന സാങ്കേതിക സംവിധാനമുള്ള ക്യാമറകളാണു ദുബൈയില്‍ വിന്യസിക്കുന്നത്. ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ ഇന്റര്‍ചേഞ്ചുകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഗതഗാത വകുപ്പ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹയര്‍ അല്‍മസ്‌റൂഇ പറഞ്ഞു. വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്ത വാഹനങ്ങളെയും പിടികൂടാന്‍ കഴിയുന്നതാണു പുതിയ ക്യാമറകള്‍. കൂടാതെ, വിലക്കുള്ള സമയത്തു പ്രധാന നിരത്തുകളില്‍ പ്രവേശിക്കുന്ന ചരക്കുവാഹനങ്ങളെ പിടികൂടാനും പുതിയ ക്യാമറകള്‍ സഹായകമാകും.
ട്രാഫിക് പാളിച്ചകള്‍ കുറച്ചു വാഹനമോടിക്കാനും നിയമലംഘകരെ കണ്ടെത്താനുമാണു ദുബൈ പോലീസ് തലവന്‍ മേജര്‍ ഖമീസ് മതര്‍ അല്‍മുസയ്‌നയുടെ നിര്‍ദേശത്തില്‍ ക്യാമറകള്‍ കൊണ്ടുവരുന്നതെന്ന് അല്‍മസ്‌റൂഇ പറഞ്ഞു. നിലവില്‍ 5-7 കിലോമീറ്ററുകള്‍ക്കു ഇടയില്‍ ഒരു ക്യാമറയുണ്ട്. ഈ ദൂരപരിധി 2-3 കിലോമീറ്ററാക്കി ചുരുക്കാനാണു നീക്കം.
പുതിയ ക്യാമറകളില്‍ 52 എണ്ണം പുറംപാതകളിലെ ഗതാഗതമായിരിക്കും നിരീക്ഷിക്കുക. 32 ക്യാമറകള്‍ ഇന്റര്‍ചേഞ്ചുകളിലെ സിഗ്‌നലുകളുമായും ബന്ധിപ്പിക്കും. റെഡ് സിഗ്‌നല്‍ മറികടന്നുണ്ടാകുന്ന ഗുരുതരമായ അപകടങ്ങള്‍ പകര്‍ത്താനും നിയമലംഘകരെ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. അപകടങ്ങളുണ്ടാക്കി ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ല.
അടിക്കടിയുള്ള ട്രാഫിക് നിയമലംഘനം മൂലം കഴിഞ്ഞ വര്‍ഷം 751 ഡ്രൈവിങ് ലൈസന്‍സുകള്‍ പിടിച്ചെടുക്കേണ്ടിവന്നതായി കേണല്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി. 2013 ല്‍ 724 ലൈസന്‍സുകളായിരുന്നു പിടിച്ചെടുത്തിരുന്നത്.
നിയമലംഘനങ്ങള്‍ കൂടിയതിനാല്‍ പിടിച്ചെടുക്കപ്പെട്ട ലൈസന്‍സുകള്‍ ഏറെയും സ്വദേശികളുടെതാണ്. ഇവരുടെ 144 ലൈസന്‍സുകള്‍ പിടിച്ചെടുത്തു. പാക്കിസ്ഥാനികളാണു നിയമലംഘനങ്ങളില്‍ രണ്ടാം സ്ഥാനത്ത്. പിടിച്ചെടുത്തവയില്‍ 44 ലൈസന്‍സുകള്‍ പാക്കിസ്ഥാന്‍ പൗരന്‍മാരുടേതാണ്. നിയമലംഘകരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്തുണ്ടെന്നും അല്‍ മസ്‌റൂഇ സൂചിപ്പിച്ചു

Latest