മധ്യപൗരസ്ത്യ മേഖലയില്‍ 30 റെഡിമെയ്ഡ് വസ്ത്ര ഷോറൂം തുറക്കും

Posted on: March 4, 2015 6:00 pm | Last updated: March 4, 2015 at 6:51 pm
SHARE

ദുബൈ: മധ്യപൗരസ്ത്യ ദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത ശ്രേണിയിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ 30 ഷോറൂമുകള്‍ ആരംഭിക്കുമെന്ന് കൊറാത്ത് ഗ്രൂപ്പ് (കെ എം ട്രേഡിംഗ്) സി ഇ ഒ റിയാസ് കൊറാത്ത് അറിയിച്ചു. ദുബൈ വാഫി മാളില്‍ വ്യാഴാഴ്ച വൈകുന്നേരം ഹോസ് ആന്‍ഡ് കെര്‍ട്ടിസ് ഷോറൂം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിയാസ്.
മൂന്നു വര്‍ഷം കൊണ്ടാണ് 30 ഷോറൂമുകള്‍ ആരംഭിക്കുക. ഇതിനു വേണ്ടി പത്തുകോടി ഡോളര്‍ നിക്ഷേപം നടത്തും. ഇംഗ്ലണ്ടിലെ ഹോസ് ആന്‍ഡ് കെര്‍ട്ടിസ് ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഷോറൂം ദുബൈ ബുര്‍ജുമാന്‍ സെന്ററില്‍ താമസിയാതെ തുടങ്ങും. കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലും മാസങ്ങള്‍ക്കകം ഷോറൂം ആരംഭിക്കും. ഹോസ് ആന്റ് കെര്‍ട്ടിസിനു പുറമെ വേറെയും ബ്രാന്റുകളുമായി ചര്‍ച്ച നടക്കുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച രൂപകല്‍പനകള്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള ബ്രാന്റാണ് ഹോസ് ആന്‍ഡ് കെര്‍ട്ടിസ്. ഇഷ്ടാനുസരണമുള്ള വസ്ത്രങ്ങള്‍ക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കു പുറമെ ബേഗുകളും മറ്റും ഉണ്ടാകുമെന്നും റിയാസ് കോറാത്ത് പറഞ്ഞു.
വ്യത്യസ്ത രാജ്യങ്ങളിലായി മൂന്നു ഫാക്ടറികള്‍ ഉണ്ടെന്ന് ഹോസ് ആന്‍ഡ് കെര്‍ട്ടിസ് ഓപ്പറേഷന്‍ മേധാവി എഡ്വേര്‍ഡ് സ്മിത്ത് അറിയിച്ചു. കൊറാത്ത് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹിതേഷ് മേത്ത, ഫിനാന്‍സ് ഡയറക്ടര്‍ കെ എം ശ്യാം എന്നിവരും പങ്കെടുത്തു.