വിമാനത്താവളത്തിലും രക്ഷയില്ല; വ്യാജ ടാക്‌സിക്കാരുടെ ശല്യം രൂക്ഷം

Posted on: March 4, 2015 6:47 pm | Last updated: March 4, 2015 at 6:47 pm
SHARE

Abudhabi airportil yathrakare kaathirikunna vyaja taxi driver maarഅബുദാബി: വ്യാജ ടാക്‌സിക്കാരുടെ ശല്യം രൂക്ഷം. അബുദാബിയില്‍ ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ദിവസവും പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ യാത്രക്കാരുടെ കൈയില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിപ്പറിച്ച് വിജനമായ മരുഭൂമിയില്‍ ആക്രമിച്ച് ഇറക്കിവിടുന്നതുള്‍പ്പെടെയാണ് വ്യാജടാക്‌സികള്‍ക്കെതിരെ ഉയരുന്ന ഗുരുതരമായ പരാതികള്‍.

ഇപ്പോള്‍ വിമാനത്താവള പരിസരവും വ്യാജ ടാക്‌സികള്‍ കയ്യടക്കി കഴിഞ്ഞു. നാട്ടില്‍ നിന്നും എത്തുന്നവരെ കയറ്റുന്നതിന് എയര്‍പോര്‍ട്ടില്‍ ഇവര്‍ ദിവസവും പരസ്പരം വാഗ്വാദമാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണ് പരസ്പരം കലഹിക്കുന്നത്. കേട്ടാല്‍ അറുപ്പുളവാക്കുന്ന വാക്കുകളാണ് ഇവര്‍ കലഹിക്കുമ്പോള്‍ ഉപയോഗിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്നും ഇത്തരക്കാരുടെ വലയില്‍ അകപ്പെട്ട് പോകുന്ന യാത്രക്കാര്‍ ഇവര്‍ ആദ്യം ഉറപ്പിക്കുന്ന തുക യല്ല വാഹനത്തില്‍ കയറിയ ശേഷം ആവശ്യപ്പെടുന്നതെന്ന പരാതിയും ഏറെയാണ്. ഉപഭോക്താക്കളെ ലഭിക്കുന്നതിന് വിമാനത്താവളത്തില്‍ നിന്നും ഒരു തുക പറയുകയും യാത്രാ മധ്യേ വീണ്ടും കാശ് കൂട്ടിച്ചോദിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്നു കയറിയ തൃശൂര്‍ സ്വദേശിയോട് അബുദാബി നഗരത്തിലേക്ക് പോകുന്നതിന് 25 ദിര്‍ഹമാണ് ഉറപ്പിച്ചതെങ്കില്‍ വഴിമധ്യേ സലാം സ്ട്രീറ്റില്‍ വെച്ച് പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ അമ്പദ് ദിര്‍ഹം ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നില്‍കുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വഴിയില്‍ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. വ്യാജ ടാക്‌സിയില്‍ കയറുവാന്‍ വൈമനസ്യം കാണിക്കുന്നവരെ ബലമായാണ് വാഹനത്തിലേക്ക് കയറ്റുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരെ കയറ്റുന്ന സര്‍വീസ് ടാക്‌സി ഡ്രൈവര്‍മാരെ വാഹനത്തിന്റെ പിറകെ വന്ന് ഭീഷണിപ്പെടുത്തി ടാക്‌സിയിലുള്ള യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഇറക്കി വ്യാജ ടാക്‌സികളില്‍ കയറ്റുന്നതായി സര്‍വീസ് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു.