മൂന്നു ബ്രിട്ടീഷ് വിമാന നിരീക്ഷകര്‍ അറസ്റ്റില്‍

Posted on: March 4, 2015 6:44 pm | Last updated: March 4, 2015 at 6:44 pm
SHARE
&MaxW=640&imageVersion=default&AR-150309720
അറസ്റ്റിലായവരില്‍ രണ്ടുപേര്‍

ദുബൈ: ബ്രിട്ടീഷ് പൗരന്മാരായ മൂന്നു വിമാന നിരീക്ഷകരെ ഫുജൈറയില്‍ അറസ്റ്റ് ചെയ്തു. രാജ്യത്തെ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് എമിറേറ്റ്‌സ് എയര്‍പോര്‍ട്ടിന് സമീപം വിമാനത്തെ നിരീക്ഷിക്കവേ ഇവരെ അറസ്റ്റ് ചെയ്തത്. വിമാന നീരിക്ഷണം ഹോബിയാക്കിയ കോണ്‍റാഡ് ക്ലിതെറോ(54), ഗാരി കൂപ്പര്‍(45), നെയില്‍ മുണ്‍റോ എന്നിവരാണ് ഫുജൈറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 22ന് ആയിരുന്നു ഇവര്‍ അറസ്റ്റിലായത്. കോണ്‍റാഡ് ഹൃദ്‌രോഗിയാണെന്നും ജയിലില്‍ ആവശ്യമായ വൈദ്യസഹായം ലഭ്യമാവുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഭാര്യ വലേറി വ്യക്തമാക്കി. ഭര്‍ത്താവിന് അമിത രക്തസമ്മര്‍ദമുള്ളതും ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്നും ബ്രിട്ടണിലെ മാഞ്ചസ്റ്ററില്‍ കഴിയുന്ന ഭാര്യ ടെലിഫോണ്‍ സംഭാഷണത്തില്‍ വിശദീകരിച്ചു. വലേറിയ മാഞ്ചസ്റ്ററിലെ ലോജിസ്റ്റിക് കമ്പനിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് 25ഉം 24ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.
കഴിഞ്ഞ മാസം 18നായിരുന്നു സുഹൃത്തായ കൂപ്പര്‍ക്കൊപ്പം അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍റാഡ് ദുബൈയില്‍ എത്തിയത്. രണ്ടു ദിവസം ദുബൈയിലെ ഹോട്ടലിലായിരുന്നു കഴിഞ്ഞത്. പിന്നീട് മുന്‍ സഹപ്രവര്‍ത്തകനായ മുണ്‍റോയുടെ താമസ സ്ഥലത്ത് ഒരു ദിവസം തങ്ങി. 21നായിരുന്നു മൂന്നു പേരും ഫുജൈറയിലേക്കു പുറപ്പെട്ടത്. അന്നു വൈകുന്നേരമായിരുന്നു പോലീസ് അനുമതിയില്ലാത്ത സ്ഥലത്ത് ഫോട്ടയെടുത്തെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
22ന് ബ്രിട്ടനിലേക്ക് മടങ്ങാന്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മൂന്നു പേര്‍ക്കും വിമാന നിരീക്ഷണം വിനോദമായിരുന്നു. അപൂര്‍വവും പഴയതുമായ നിരവധി വിമാനങ്ങള്‍ ഫുജൈറ വിമാനത്താവളത്തില്‍ ഉണ്ടെന്നതാണ് അങ്ങോട്ട് പോകാന്‍ പ്രേരണയായതെന്ന് ഇവരുടെ കേസ് നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഡീറ്റയിനിന്റെ സ്ഥാപക രാധ സ്റ്റെര്‍ലിംഗ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്ത ശേഷം താക്കീത് നല്‍കുകയും വിട്ടയക്കാമെന്ന് പറഞ്ഞ് അറബിയില്‍ എഴുതിയ ഒരു സാക്ഷ്യപത്രത്തില്‍ ഒപ്പിടുവിപ്പിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമായി കേസ് മാറിയത്. ഇതോടെ കേസ് അബുദാബിയിലെ ഉന്നത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ഐ പാഡും മൊബൈല്‍ ഫോണും ക്യാമറയും അധികാരികള്‍ പരിശധിച്ചിരുന്നു. ഇതില്‍ നിന്നു നിരോധിക്കപ്പെട്ട ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. വിമാനത്താവളത്തിന്റെ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണെന്ന് മൂന്നു പേര്‍ക്കു അറിയാമായിരുന്നുവെന്നും രാധ പറഞ്ഞു.
കുട്ടിക്കാലം മുതലെ വിമാനങ്ങളെ നിരീക്ഷിക്കുന്നതില്‍ കമ്പമുള്ളവരാണ് മൂന്നു പേരും. ഗൗരവമായ തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഉടന്‍ മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.