Connect with us

Gulf

ഡിഷ് ആന്റിനകള്‍ക്കെതിരെ അബുദാബിയില്‍ നടപടി തുടങ്ങി

Published

|

Last Updated

അബുദാബി; കെട്ടിടങ്ങള്‍ക്ക് മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകള്‍ക്കെതിരെ അബുദാബി നഗരസഭ നടപടി തുടങ്ങി. ഒരു കെട്ടിടത്തിന് മുകളില്‍ നാലില്‍ കൂടുതല്‍ സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. ഇത്തരക്കാരില്‍ നിന്ന് 2,000 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്ന് അബുദാബി നഗരസഭയുടെ മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ സഈദ് അല്‍ ഹജ്‌രി വ്യക്തമാക്കി.

ഇന്നലെ മുതലാണ് ഡിഷ് ആന്റിനകള്‍ക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലില്‍ കൂടുതല്‍ ഡിഷുകള്‍ സ്ഥാപിച്ചവര്‍ അവ അഴിച്ചു മാറ്റണമെന്നും അധികൃതര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അനധികൃത ഡിഷ് ആന്റിനകള്‍ക്കെതിരായി 2012ല്‍ പാസാക്കിയ നിയമപ്രകാരമാണ് കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കെട്ടിട ഉടമകള്‍, വാടകക്കാര്‍, നിക്ഷേപകര്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് പിഴ ചുമത്തുക. ഇത്തരം ആന്റിനകള്‍ നഗരഭംഗിക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്.
കെട്ടിടങ്ങളുടെ മുകള്‍തട്ടില്‍ മാത്രമല്ല ബാല്‍കണികളിലും ധാരാളം ഡിഷ് ആന്റിനകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാല്‍ക്കണികള്‍, കെട്ടിടത്തിന്റെ മേല്‍ക്കുര, മതില്‍ക്കെട്ടുകള്‍, പൂന്തോട്ടങ്ങളുടെ വേലികള്‍ തുടങ്ങിയവയില്‍ നിന്ന് ഡിഷ് ആന്റിനകള്‍ അഴിച്ചുമാറ്റി നഗരസഭയുമായി നിയമം നടപ്പാക്കാന്‍ താമസക്കാര്‍ സഹകരിക്കണം. നഗരഭംഗി സംരക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു നടപടി ആരംഭിച്ചിരിക്കുന്നതെന്ന് അബുദാബി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഹജ്‌രി പറഞ്ഞു. കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് കമ്പനികളും മേല്‍ക്കുരകളില്‍ സെന്‍ട്രല്‍ ആന്റിന സംവിധാനത്തില്‍ ഉള്‍പെട്ട നാലു ഡിഷുകള്‍ മാത്രമേ സ്ഥാപിക്കാവൂ. ഇവയില്‍ നിന്നും വാടകക്കാര്‍ക്ക് ആവശ്യമായ ചാനലുകള്‍ ലഭ്യമാക്കാന്‍ സാധിക്കും.
ആന്റിനകള്‍ മാറ്റാന്‍ തയ്യാറാവാത്തവര്‍ 2,000 ദിര്‍ഹം പിഴക്കൊപ്പം പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരും. പല ഡിഷ് ആന്റിനകളും തെറ്റായ രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മോശമായ രീതിയിലാണ് ഇവ സംരക്ഷിക്കുന്നത്. ഇത്തരം നിയമ വിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. കെട്ടിടത്തില്‍ അത്യാഹിതങ്ങള്‍ സംഭിവിക്കുന്ന അവസരത്തില്‍ പാരാമെഡിക്കല്‍ സംഘം ഉള്‍പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്ത് കടക്കാനും ആന്റിനകള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ ഡിഷ് ആന്റിനകള്‍ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കമ്പനികള്‍ നഗരസഭ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാര്‍ജയിലും ദുബൈയിലുമെല്ലാം അനധികൃത ഡിഷ് ആന്റിനകള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടിയാണ് കൈക്കൊള്ളുന്നത്. ബാല്‍കണികളിലും ജനലുകളിലും വസ്ത്രങ്ങള്‍ ആറാനിടുന്നതിനെതിരെയും ശക്തമായ കാമ്പയിനാണ് നഗരസഭകളുടെ നേതൃത്വത്തില്‍ വിവിധ എമിറേറ്റുകളില്‍ തുടക്കമിട്ടിരിക്കുന്നത്. അനധികൃത സാറ്റലൈറ്റ് ഡിഷുകള്‍ക്കെതിരെയും ബല്‍കണിയില്‍ വസ്ത്രങ്ങള്‍ ആറാനിടുന്നതിനെതിരെയും ഷാര്‍ജയില്‍ 500 ദിര്‍ഹം വീതമാണ് പിഴ ചുമത്തുന്നത്.

Latest