സോളാര്‍ കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Posted on: March 4, 2015 12:04 pm | Last updated: March 5, 2015 at 9:07 am
SHARE

kerala high court picturesകൊച്ചി: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസ് അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപ വത്കരിക്കുന്നതിനു മുമ്പാണ് വി എസ് കോടതിയില്‍ ഹരജി നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്ന കേസിലാണ് ഹര്‍ജിക്കാര്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങ ള്‍ അന്വേഷണ കമ്മീഷന്റെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് ഹരജിക്കാരനായ വി എസ് ഉള്‍പ്പെടെ 21 പേര്‍ കമ്മീഷന് മുമ്പില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വിചാരണ കോടതിയില്‍ നടക്കുകയുമാണെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട വിഷയങ്ങള്‍ ഒഴിവാക്കിയെന്ന് ഹരജിക്കാരന് ബോധ്യപ്പെടുകയാണെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് അവശ്യമായ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു.
എന്നാല്‍, കേസിലെ വിചാരണയുടെ ഘട്ടത്തില്‍ ഇതുസംബന്ധിച്ച് ഹൈക്കോടതി അഭിപ്രായം പറയുന്നില്ല. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കുന്നതിന് സമയം നല്‍കണമെന്ന ഹരജിക്കാരന്റെ വാദവും ഈ സമയത്ത് പരിഗണിക്കാനാകില്ല. ഇത്തരം വാദങ്ങള്‍ ഉചിതമായ സമയത്ത് ബന്ധപ്പെട്ട ഫോറത്തില്‍ ഉന്നിയിക്കാവുന്നതാണ്. കേസിന്റെ ഈ ഘട്ടത്തില്‍ പൊതുതാത്പര്യ ഹരജിയില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയുമാണ്. അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെന്ന നിലക്ക് വി എസിന് അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് ഹൈക്കോടതിയെ സമീപിച്ചത്.