എച്ച്1 എന്‍1 മരണം: ആശുപത്രികളില്‍ പ്രതിരോധ മരുന്നില്ല

Posted on: March 4, 2015 10:45 am | Last updated: March 4, 2015 at 10:45 am
SHARE

h1 n1മണ്ണാര്‍ക്കാട്: അലനല്ലൂരില്‍ എച്ച്1 എന്‍1 പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചതോടെ മേഖലയില്‍ ആശങ്കയേറുന്നു. പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തത് ആശങ്കക്ക് പ്രധാന കാരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ലഭ്യമാകുന്ന ഒസള്‍ട്ടാമിവര്‍ എന്ന മരുന്നാണ് ഇത്തരം പനിക്ക് പ്രതിരോധമായിട്ടുളളത്. എന്നാല്‍ പ്രദേശത്തെ താലൂക്ക് ആശുപത്രി ഉള്‍പ്പെടെയുളള ആരോഗ്യ കേന്ദ്രങ്ങളിലൊന്നും ഈ മരുന്ന് ലഭ്യമല്ല.
ഈ മരുന്ന് 75 എം ജിയുളള ഗുളികകള്‍ ദിനം പ്രതി രണ്ടെണ്ണം വീതമാണ് നല്‍കാറുളളത്. എന്നാല്‍ ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ 30 എം ജിയുളള ഗുളികകള്‍ ലഭ്യമാണ്. ഇതാകട്ടെ രോഗബാധ മൂര്‍ച്ചിച്ചവര്‍ക്ക് ആശ്വാസപ്രദവുമല്ല. കഴിഞ്ഞ ദിവസം എച്ച്1 എന്‍1 ബാധയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക സാഹിറയുടെ മരണം സ്ഥിരീകരിച്ചതോടെ രോഗത്തെ കുറിച്ചുളള ഭീതിയേറിയിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് കുമരംപുത്തൂരില്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് ഒരു യുവാവും മരണപ്പെട്ടിരുന്നു. കൂടാതെ ആര്യമ്പാവില്‍ പനിബാധിച്ച് ഒരാളും മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.